
രാമക്ഷേത്ര നിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായെത്തുന്ന ദീപാവലി അതിഗംഭീരമായി കൊണ്ടാടിയിരിക്കുകയാണ് ഉത്തരപ്രദേശിൽ സ്ഥിതി ചെയ്യുന്ന അയോധ്യ നഗരം.
രാം ലല്ലയുടെ പ്രതിഷ്ഠ പൂർത്തിയായ ശേഷം ആദ്യമെത്തുന്ന ദീപാവലി അക്ഷരാർത്ഥത്തിൽ അയോധ്യ നിവാസികൾ ആഘോഷ പൂർണമാക്കുകയായിരുന്നു. ചരിത്രപരമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് അയോധ്യയിലേക്ക് പ്രവഹിച്ചത്. നഗരം മുഴുവൻ നിറങ്ങളിൽ മുങ്ങിയ കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്.
ഇതിനിടയിൽ ചരിത്രം കുറിച്ചു കൊണ്ട് രണ്ട് ഗിന്നസ് റെക്കോർഡുകളും ആ ദിനം അയോധ്യയുടെ പേരിൽ എഴുതി ചേർക്കപ്പെട്ടു. ഉത്തർപ്രദേശ് ടൂറിസം വകുപ്പും അയോധ്യ ജില്ലാ ഭരണകൂടവും ഒരുമിച്ച് നിന്ന് നടത്തിയ ആഘോഷ പരിപാടികൾക്കാണ് രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ നേടാനായത്.
ചിരാതുകളുടെ വെളിച്ചത്തിൽ ഏറ്റവും വലിയ പ്രദർശനത്തിന്റെ റെക്കോർഡ് തകർത്തുകൊണ്ടാണ് അയോധ്യ നഗരം ആദ്യ റെക്കോർഡ് സ്ഥാപിച്ചത്, ഏകദേശം 2,512,585 ചിരാതുകൾ സരയൂ നദിയുടെ തീരത്ത് ഒരേസമയം പ്രകാശിപ്പിച്ചു. അയോധ്യയിലെ ദീപോത്സവത്തിന്റെ മാറ്റ് ഉയർത്തിക്കൊണ്ടാണ് ഒരേസമയം ഇത്രയധികം വിളക്കുകൾ തെളിഞ്ഞത്. ഇതിനിടെ 1121 പേർ ചേർന്ന് വലിയ ആരതിയിൽ പങ്കെടുത്തു. ഇതും മറ്റൊരു റെക്കോർഡായി മാറിയിരിക്കുകയാണ്. ഇത്രയധികം ആളുകൾ ആദ്യമായാണ് ഒരുമിച്ച് ആരതി ചടങ്ങുകൾ പങ്കെടുത്തത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗിന്നസ് ലോക റെക്കോർഡ് ഉൾപ്പെടുന്ന സർട്ടിഫിക്കറ്റുകൾ അധികൃതരിൽ നിന്ന് കൈപ്പറ്റുകയായിരുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് എന്നിവർ ചടങ്ങുകൾക്ക് സാക്ഷിയായി, നഗരത്തിൽ പരിപാടികളും ചടങ്ങുകളും കാണാൻ എത്തിയ ആയിരക്കണക്കിന് ഭക്തർക്ക് കാഴ്ചയുടെ വിസ്മയം ഒരുക്കി ആകാശത്ത് കരിമരുന്ന് പ്രയോഗവും നടക്കുകയുണ്ടായി.
പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോഷമായത് കൊണ്ട് തന്നെ ഇത്തവണ ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു. സരയു നദിക്കരയിൽ വലിയ രീതിയിലുള്ള ലേസർ ഷോകളും നടത്തിയിരുന്നു. ഇതും ആസ്വാദകർക്ക് പുതിയ അനുഭവമാണ് ഉണ്ടാക്കിയത്. കൂടാതെ രാമലീലയുടെ കഥ ശബ്ദ രൂപത്തിലും ഇവിടെ കേൾപ്പിക്കുന്നുണ്ടായിരുന്നു. ഇതും ഭക്തർക്ക് നല്ല അനുഭവം നൽകുന്ന കാര്യമായിരുന്നു.
സരയു നദിക്കരയിൽ തന്നെയായിരുന്നു കാഴ്ചക്കാർ തടിച്ചുകൂടിയത്. സംസ്ഥാന ഇൻഫർമേഷൻ ആൻഡ് ടൂറിസം വകുപ്പുകൾ രൂപകൽപന ചെയ്ത ടാബ്ലോകളും ഇവിടെ സ്ഥാപിച്ചിരുന്നു. കൂടാതെ ധാരാളം കലാപരിപാടികളും ആഘോഷങ്ങൾക്ക് മികവേകാനായി ഇവിടെ ഒരുക്കിയിരുന്നു.
മ്യാന്മര്, നേപ്പാള്, തായ്ലന്ഡ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള കലാകാരന്മാർ അണിനിരന്ന പരിപാടികളും ഇവിടെ അവതരിക്കപ്പെട്ടു.
അതേസമയം വെളിച്ചത്തിന്റെ ആഘോഷം ആണ് ദീപാവലി. നാല് ദിവസത്തെ ഉത്സവം ഇരുട്ടിൻ്റെ മേലുള്ള വെളിച്ചത്തിൻ്റെ വിജയം ആയാണ് ആഘോഷിക്കുന്നത്. ഈ വർഷം ദീപാവലി ഒക്ടോബർ 31നായിരുന്നു. ദീപാവലിയുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുമുണ്ട്. അസംഖ്യം കഥകൾക്കിടയിൽ, 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയതിൻ്റെയും രാക്ഷസരാജാവായ രാവണനെതിരെ നേടിയ വിജയത്തിൻ്റെയും കഥ വേറിട്ടുനിൽക്കുന്നു.
രാമന്റെ വനവാസത്തിനിടെ ലങ്കിയിലെ ദുഷ്ടനായ രാവണൻ സീതയെ തട്ടിക്കാെണ്ടുപോയി. ഒരുപാട് തടസ്സങ്ങൾക്കും അന്വേഷണത്തിനും ശേഷം ശ്രീരാമൻ ഒടുവിൽ രാവണനെ പരാജയപ്പെടുത്തി സീതയെ രക്ഷിച്ചു. ഈ വിജയത്തിന്റെയും രാമന്റെ തിരിച്ചുവരവിന്റെയും ആഹ്ലാദകരമായ ആഘോഷമാണ് ദീപാവലി എന്ന് പറയുന്നു.
ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം കാളി ദേവിയുടെതാണ്, പ്രത്യേകിച്ച് ബംഗാളിൽ ആണ് ഈ ഐതിഹ്യം. ക്രൂരന്മാരായ രാക്ഷസൻമാരിൽ നിന്ന് ഭൂമിയേയും സ്വർഗത്തേയും രക്ഷിക്കാൻ കാളി ദേവി ജന്മമെടുത്തു. എന്നാൽ അസുരന്മാരെ കൊന്നതിന് ശേഷവും കാളി ദേവിയുടെ കോപം അടങ്ങിയില്ല. കാളി ദേവിയുടെ കോപം ശമിപ്പിക്കാൻ ശിവൻ തന്നെ ഇടപെടേണ്ടി വന്നു. സമൃദ്ധിയുടെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മി ദേവി. ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ഐതിഹ്യവും ദീപാവലിക്ക് ഉണ്ട്. ലക്ഷ്മി ദേവിയുടെ ശാന്തമായ സൗന്ദര്യത്തിൽ മതിപ്പ് തോന്നിയ മഹാവിഷ്ണു ദേവിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അതിനാൽ ഈ അവസരത്തെ അടയാളപ്പെടുത്താൻ ദീപങ്ങൾ തെളിയിച്ചു. അന്ന് മുതൽ ലക്ഷ്മി ദേവിയെ ആരാധിക്കാനും അനുഗ്രഹം തേടാനും ദീപാവലി ആഘോഷിക്കുന്നു.
ദീപാവലി ആഘോഷത്തിന്റെ ഓരോ ആചാരത്തിനും ഓരോ പ്രാധാന്യവും അവയുടെ പിന്നിൽ പല കഥയുമുണ്ട്. എന്നാൽ ഇരുട്ടിന്മേൽ വെളിച്ചവും തിന്മയുടെ മേൽ നന്മയും അജ്ഞതയ്ക്ക് മേൽ അറിവും നേടിയ ആത്മീയ വിജയത്തെ ദീപാവലി പ്രതീകപ്പെടുത്തുന്നു. ദീപാവലിയുടെ വിളക്കുകൾ നമ്മുടെ എല്ലാ ഇരുണ്ട ആഗ്രഹങ്ങളേയും ചിന്തകളേയും നശിപ്പിക്കാനും ഇരുണ്ട നിഴലുകളും തിന്മകളും ഉന്മൂലനം ചെയ്യാനും വരും വർഷം മുഴുവൻ നമ്മുടെ സുമനസ്സുകൾക്കൊപ്പം തുടരാനുമുള്ള ശക്തിയും തീക്ഷണതയും നൽകുന്നതാണ്. ഇന്ത്യയിലൊട്ടാകെ വീടുകൾവിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നത് മുതൽ മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും വരെ നീളുന്നു ആഘോഷ പരിപാടികൾ .











