
നിവിൻ പൊലിക്കെതിരെ കഴിഞ്ഞ ദിവസമാണ് യുവതി പീഡന പരാതിയുമായി രംഗത്ത് വന്നത് . തുടർന്ന് യുവതിയുടെ പരാതിയിൽ നിവിൻ അടക്കം 6 പേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു . തുടർന്ന് വിശദീകരണവുമായി നിവിൻ പോളിയും മാധ്യമങ്ങളെ കണ്ടിരുന്നു .
ഇപ്പോൾ നിവിൻപോളിക്കൊപ്പം ഉണ്ടാകുമെന്നും എല്ലാവിധ സപ്പോർട്ടും നൽകുമെന്നും നടൻ ബാല വ്യക്തമാക്കിയിരിക്കുകയാണ് . നിവിൻ പോളിക്ക് എതിരായ ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരിചെത്തിയതാണ് ബാല. സംഭവത്തിൽ നിവിൻ പോളിക്ക് പൂർണ പിന്തുണ നൽകുന്നതായി ബാല പറഞ്ഞു.
ഇത്തരമൊരു ആരോപണം വന്നപ്പോൾ ഒളിച്ചോടാൻ അദ്ദേഹം തയ്യാറായില്ലെന്നും ധൈര്യപൂർവം അതിനെ നേരിട്ടുവെന്നും അതിനാലാണ് താൻ ഒപ്പം നിൽക്കുന്നതെന്നും ബാല പ്രതികരിച്ചു. ഇന്നലെയാണ് നിവിൻ പോളിക്ക് എതിരെ ഗുരുതര ആരോപണം ഉയർന്നത്.

ബാലയുടെ വാക്കുകൾ ഇങ്ങനെ …’രണ്ടേ രണ്ട് പോയിന്റ് മാത്രമേ ഇക്കാര്യത്തിൽ പറയാനുള്ളൂ. തന്റെ ഫുൾ സപ്പോർട്ട് നിവിൻ പോളിക്ക് ഉണ്ടാവും. കാരണം അദ്ദേഹം ധൈര്യപൂർവം അപ്പോൾ തന്നെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി നിങ്ങളുടെ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മനസിൽ ധൈര്യമുണ്ട്, സത്യവുമുണ്ട്. അതുകൊണ്ട് അത് നേരിടാൻ നേരിട്ട് വന്നു.’ ബാല മാധ്യമങ്ങളോട് പറഞ്ഞു. നമ്മൾ തെറ്റ് ചെയ്‌തില്ലെങ്കിൽ നേരിട്ട് വരണം അതാണ് ചെയ്യേണ്ടത് . അത് നിവിൻ ചെയ്‌തത് ഏറ്റവും നല്ല ഉദാഹരണമാണ്.
രണ്ടാമത്തെ കാര്യം, താൻ പറഞ്ഞാൽ ഇപ്പൊ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും ബാല പറയുന്നു. എന്താണ് ആരോപണം. ആണായാലും പെണ്ണായാലും ആരോപണം ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ടത് ആരുടെ കടമയാണ്? അത് തെളിയിക്കേണ്ടത് ആരോപണം ഉന്നയിച്ചവരുടെ കടമയാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ തെറ്റ് ആർക്ക്? ആരോപണം ഉന്നയിച്ചവർക്ക് എന്നൊക്കെയാണ് ബാല പറയുന്നത്. ‘അതുകൊണ്ടാണ് മിക്കവാറും അഭിമുഖങ്ങളിൽ അറിയപ്പെടുന്ന വ്യക്തികൾ ആരും പലരുടെയും പേര് എടുത്ത് പറയാത്തത് എന്നും കാരണം തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ആയിപ്പോകും അത്.
ബാല എന്ന് പറയുന്ന വ്യക്തി പേരെടുത്ത് പറഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല. അപ്പോൾ തനിക്ക് അത്ര ആത്മവിശ്വാസം ഉണ്ടാവും പേരെടുത്ത് പറയാൻ. ഇതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്’.
ഒരാൾ മറ്റൊരു വ്യക്തിക്ക് എതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ടത് അയാളുടെ കടമയാണ്. നിവിൻ പോളി ചെയ്‌തത് ശരിയായ കാര്യമാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുന്നത്. ഇനി നിങ്ങൾ നോക്കിക്കോ എല്ലാ സംഭവ വികാസങ്ങളും മാറി മാറിയുമെന്നും ബാല വ്യക്തമാക്കി.
നിവിന്റെ കൂടെ ആരുമില്ലാതില്ല, ഞങ്ങളൊക്കെയില്ലേ. ഞങ്ങൾ എല്ലാവരും നിവിനൊപ്പം തന്നെയുണ്ട്. ലൈവിൽ നിവിൻ പറഞ്ഞൊരു വാക്കുണ്ട്. ഞാൻ എവിടെയും ഓടി പോയിട്ടില്ല. ഇത് എല്ലാവരും പഠിക്കേണ്ട പാഠമാണ്. അപ്പോൾ പിന്നെ ഓടി പോയ ആളുകളെ കുറിച്ച് നമുക്ക് സംസാരിക്കാം, നിങ്ങൾ തന്നെ അതിനെ കുറിച്ച് സംസാരിക്കൂവെന്നും ബാല കൂട്ടിച്ചേർത്തു.

അതേസമയം നിവിന്‍ പോളി അടക്കമുള്ളവര്‍ക്കെതിരായ പീഡന ആരോപണത്തില്‍ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരി. ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 2023 നവംബര്‍-ഡിസംബര്‍ മാസത്തിലാണ് സംഭവം നടക്കുന്നതെന്നും പരാതിക്കാരി റിപ്പോര്‍ട്ടിൽ പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ പരാതിക്കാരി ദുബായില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. നിവിൻ പോളിയുടെ സുഹൃത്തായ ശ്രേയ എന്ന പെണ്‍കുട്ടി മുഖാന്തരം യൂറോപ്പിലേക്ക് പോകാന്‍ ഏജന്‍സി വഴി വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ വാങ്ങി. സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ ചോദിച്ചപ്പോള്‍ പ്രൊഡ്യൂസറായ എ കെ സുനില്‍ എന്നയാളെ പരിചയപ്പെടുത്തി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ദുബൈയില്‍ വെച്ചാണ് പരിചയപ്പെട്ടത്.
എ കെ സുനിലുമായി വാക്കുതര്‍ക്കം ഉണ്ടായ സമയത്ത് നിവിന്‍ പോളിയും ബാക്കിയുള്ളവരും ഇയാളുടെ ഗുണ്ടയായിട്ടാണ് വന്നത്. റൂമില്‍ പൂട്ടിയിട്ട് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം തന്ന് പീഡിപ്പിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. നിവിന്‍ പോളിയും അവിടെയുണ്ടായിരുന്നു. ബിനു, കുട്ടന്‍ എന്നിവര്‍ കൂടി അവിടെയുണ്ടായിരുന്നു. ഇവരെ തനിക്ക് കണ്ടാല്‍ അറിയാം. അന്ന് ആദ്യമായാണ് കണ്ടതെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തില്‍ നേരത്തെ തന്നെ പരാതി കൊടുത്തിരുന്നുവെന്നും എന്നാല്‍ ദുബായില്‍ നടന്ന സംഭവമായതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടിയെന്നും പരാതിക്കാരി പറഞ്ഞു.
ഇപ്പോള്‍ ഹേമ കമ്മിറ്റിയൊക്കെ വന്ന പശ്ചാത്തലത്തിലാണ് വീണ്ടും പരാതി നല്‍കിയത്. തന്റെ വീഡിയോ ഡാര്‍ക്ക് വെബില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി. സോഷ്യല്‍മീഡിയ വഴി ആക്രമിച്ചു. വണ്ടി ഇടിപ്പിച്ചുകൊല്ലുമെന്നും പാമ്പിനെകൊണ്ട് കൊത്തിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. സഹിക്കാന്‍ വയ്യാതെയാണ് പരാതികൊടുത്തത്. തനിക്ക് ശത്രുക്കളില്ല. ഇവരൊക്കെയാവാം സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും പരാതിക്കാരി പ്രതികരിച്ചു.
എന്നാൽ പീഡന ആരോപണങ്ങൾ എല്ലാം നിവിൻ പോളി നിഷേധിചു. അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്ന് നിവിൻ പോളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. സത്യം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ താരം നേരത്തെ പറഞ്ഞിരുന്നു .
“തന്റെ പേരിൽ പ്രചരിക്കുന്ന ഒരു വ്യാജ പീഡന വാർത്ത ശ്രദ്ധയിൽ പെട്ടതിന്റെ പേരിലാണ് ഈ കുറിപ്പ്. ഈ വാർത്ത തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരാൻ ഏതറ്റം വരെയും പോകുന്നതായിരിക്കും. സത്യം ജയിക്കട്ടെ, എന്നാണ് നിവിൻ പോളി കുറിച്ചത് .











