‘ഞാന്‍ കണ്ടു… ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരമായ ചെയ്തി ആ മുഖത്ത്’; വേദനയോടെ ശ്രീവിദ്യയെ ഓർത്ത് ബാലചന്ദ്ര മേനോൻ

മലയാള സിനിമ ലോകം നെഞ്ചോട് ചേര്‍ത്ത് വച്ചിട്ടുള്ള അഭിനേത്രിയാണ് ശ്രീവിദ്യ. ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഹൃദയം തൊട്ട ഒരുപാട് കഥാപാത്രങ്ങളിലൂടെ ശ്രീവിദ്യ ഇന്നും ജീവിക്കുന്നു. ശ്രീവിദ്യയുടെ അടുത്ത സുഹൃത്തായിരുന്നു നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നടിയെ കുറിച്ച് അടുത്തിടെ ബാലചന്ദ്ര മേനോൻ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുന്നത്.

കലാകാരി എന്ന നിലയില്‍ അര്‍ഹിക്കുന്ന അംഗീകാരം ശ്രീവി​ദ്യയ്ക്ക് ലഭിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. ” എന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ അമ്മ കവിയൂര്‍ പൊന്നമ്മയല്ല… ശ്രീവിദ്യയാണ്. താരാട്ട് എന്ന ചിത്രത്തില്‍ വിദ്യ എന്റെ അമ്മയായിരുന്നു. എന്റെ അമ്മ ലോകത്തിലെ ഏറ്റവും സുന്ദരിയായിരിക്കണം എന്ന നിര്‍ബന്ധമായിരുന്നു അതിന്റെ പിന്നില്‍. അന്ന് മുതല്‍ നല്ലൊരു ബന്ധം അവരുമായി ഉണ്ടായിരുന്നു.

പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രൗഢി കാത്തുസൂക്ഷിച്ച ശ്രീവിദ്യ സിനിമയ്ക്ക് അതീതമായ വ്യക്തിത്വം നിലനിര്‍ത്തി. നല്ല നര്‍മബോധമുണ്ടായിരുന്ന സ്ത്രീയായിരുന്നു ശ്രീവിദ്യ. അവരുടെ അനുകരണ വാസന അപാരമാണ്. സെറ്റില്‍ വരുമ്പോള്‍ എന്റെ മാനറിസങ്ങള്‍ പ്രത്യേകിച്ചും ഞാന്‍ സംവിധാനം ചെയ്യുന്ന രീതി, നിര്‍ദേശങ്ങള്‍ കൊടുക്കുന്ന രീതി, നടപ്പ് തുടങ്ങിയവയൊക്കെ എനിക്കും മറ്റുള്ളവര്‍ക്ക് മുന്നിലും അനുകരിച്ച് കാട്ടാറുണ്ട്. ഇത് കണ്ട് സെറ്റ് മുഴുവന്‍ ഇളകി ചിരിച്ചിട്ടുണ്ട്” – ബാലചന്ദ്ര മേനോൻ ഓര്‍മ്മ പങ്കുവെച്ചു.

”വിദ്യ അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞ നിമിഷം ഞാനവരെ ഫോണില്‍ വിളിച്ചു. അതൊരു വൈകിയ രാത്രിയായിരുന്നു. ഒരിക്കലും ഒരു രോഗിണിയോടാണ് സംസാരിക്കുന്നത് എന്ന തോന്നലുണ്ടാക്കരുതെന്ന നിര്‍ബന്ധബുദ്ധിയോടെ ഞാന്‍ പറഞ്ഞു. മഹാന്മാര്‍ മദ്യപിക്കുന്നതുപോലെ, അതിലും ചെറിയ മഹാന്മാര്‍ ചീട്ടുകളിക്കുന്നതുപോലെ, ആശുപത്രിയിലെ ബോറടി മാറ്റാന്‍ മാത്രം ഞാനും ഭാര്യയും അങ്ങോട്ട് വരട്ടേ? എന്റെ ഭാര്യ വരദ ഫോണ്‍ വാങ്ങി.

ബാലുജിക്ക് തന്നോടുള്ള പരിഗണന അറിയാമെന്നും എന്നാല്‍ രോഗം പകര്‍ച്ചവ്യാധിയായതുകൊണ്ട് ഒരു കാരണവശാലും വരരുതെന്നും പറഞ്ഞിട്ട് ഫോണ്‍ എനിക്കുതരാന്‍ വിദ്യ ആവശ്യപ്പെട്ടു” – ബാലചന്ദ്ര മേനോൻ പറഞ്ഞു.
”സീരിയല്‍ മാലയോഗത്തിന്റെ ഷൂട്ടിങ് വേളയില്‍ വിദ്യയെ ആശുപത്രിയില്‍ പരിചരിച്ചിരുന്ന അംബുജത്തിന്റെ കരച്ചില്‍ എന്റെ ചെവിയിലെത്തി. പോയി സര്‍… ചേച്ചി പോയി… ഷൂട്ടിങ് നിര്‍ത്തി മേക്കപ്പഴിച്ച് ഞാന്‍ ഉത്രാടം തിരുനാള്‍ ആസ്പത്രിയിലെത്തി. മരണാനന്തര തയ്യാറെടുപ്പിന് ആശുപത്രി അധികൃതര്‍ കിണഞ്ഞ് പരിശ്രമിക്കയാണ്. വളരെയടുത്ത ആള്‍ക്കാര്‍ക്ക് മാത്രം മൃതദേഹം കാണാം.

എന്നോട് പലരും പറഞ്ഞു. കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. പക്ഷെ എന്റെ മനസ് പറഞ്ഞു. ഞാന്‍ കണ്ടില്ല എന്നതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. ഇതെന്റെ സിനിമയിലെ ആദ്യത്തെ അമ്മയാണ്. എന്റ ആദ്യത്തെ ഇണപ്പാട്ടുകാരിയാണ്. എന്റെ കുടുംബസുഹൃത്താണ്. എനിക്ക് അവസാനമായി ഒന്ന് കാണാതെ വയ്യ. ഞാന്‍ കണ്ടു… ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരമായ ചെയ്തി ആ മുഖത്ത്…” – ബാലചന്ദ്ര മേനോൻ അവസാനമായി ശ്രീവിദ്യയെ കണ്ടതിനെ കുറിച്ച് പറയുന്നു.