‘അന്ന് ആലോചിക്കുമ്പോള്‍ അത് ഓക്കെ ആയിരുന്നു. ഇന്നാണെങ്കില്‍ ഒരുപക്ഷേ അത് ചെയ്യില്ല’ ബേസില്‍

സംവിധാനവും അഭിനയവും ഒരേ പോലെ കൊണ്ടുപോകാന്‍ ചിലര്‍ക്കേ കഴിയൂ.. ഏറ്റവും മനോഹരമായി തന്റെ ജോലി ചെയ്യുന്ന ബേസില്‍ ജോസഫെന്ന യുവനടനും സംവിധായകനുമായ ചെറുപ്പക്കാരനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം സംവിധാനം ചെയ്ത് പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടുന്ന സംവിധായകനായി മാറിയിരിക്കുകയാണ് ബേസില്‍.

സിനിമയിലേക്കുള്ള ചവിട്ടുപടിയായി ബേസില്‍ കണ്ടത് ഷോര്‍ട്ട് ഫിലിം സംവിധാനവും നിര്‍മാണവും അഭിനയവുമൊക്കെയായിരുന്നു. അക്കാലത്ത് ബേസില്‍ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് നല്‍കിയ പേരുകള്‍ക്ക് പ്രത്യേകതകളുണ്ടായിരുന്നു. ഒരു തുണ്ടു പടം, പ്രിയംവദ കാതരയാണ് തുടങ്ങിയവയായിരുന്നു ചില പേരുകള്‍. പ്രിയംവദ കാതരയാണോ എന്നത് ഒരു ഷോര്‍ട്ട് സ്റ്റോറിയുടെ പേരായിരുന്നു. അതിലെ പേരാണ് ഷോര്‍ട്ട് ഫിലിമിലേക്ക് എടുക്കുന്നത്. അന്ന് ആലോചിക്കുമ്പോള്‍ അത് ഓക്കെ ആയിരുന്നു. ഇന്നാണെങ്കില്‍ ഒരുപക്ഷേ അത് ചെയ്യില്ല. ഇന്ന് അങ്ങനെ ഒരു പേരിടാന്‍ ധൈര്യപ്പെടില്ല, ബേസില്‍ പറയുന്നു.

എഞ്ചിനീയറായി ഇന്‍ഫോസിസില്‍ വര്‍ക്ക് ചെയ്യുന്ന കാലത്തും ഇത്തരത്തിലുള്ള പേരുകള്‍ ഇടാനുള്ള ധൈര്യം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഇപ്പോഴാണെങ്കില്‍ ആ ധൈര്യം ഉണ്ടാവില്ലെന്നായിരുന്നു ബേസിലിന്റെ മറുപടി. ആ സമയത്ത് ഒരു രസം. ഒരു തുണ്ടു പടം എന്ന് പറഞ്ഞാല്‍ വേറൊന്നും ഇല്ല ഒരു ഷോര്‍ട്ട് ഫിലിം. ഒരു തുണ്ട് പടം. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. പ്ലീസ്, നിങ്ങള്‍ തെറ്റിദ്ധരിച്ചത് എന്റെ തെറ്റല്ല എന്നായിരുന്നു ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞത്.