
മമ്മൂട്ടി ആരാധകരും ,സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന ചിത്രം ‘ബസൂക്ക’ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ സിനിമയ്ക്ക് സോഷ്യൽമീഡിയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും, ഡീനോ ഡെന്നീസിന്റെ പുതുമയാർന്ന മേക്കിങ്ങിനും നിറ കയ്യടിയാണ് തീയറ്ററുകളിൽ ലഭിക്കുന്നത്. സിനിമയിലുടനീളം മമ്മൂട്ടിയുടെ വൺമാൻ ഷോ തന്നെയാണ് സിനിമയിൽ കാണാനാവുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമയുടെ അവസാന 30 മിനിറ്റുകൾക്ക് മികച്ച അഭിപ്രായം തന്നെ ലഭിക്കുന്നുണ്ട്. ബസൂക്കയ്ക്ക് ടിക്കറ്റ് എടുത്ത പണം മുതലാകാൻ ഈ 30 മിനിറ്റ് മതിയെന്നാണ് ചിലർ പറയുന്നത്.

എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ മെഗാസ്റ്റാർ ടൈറ്റിലിന്റെ ആവേശം പങ്കുവെക്കുന്നുണ്ട്. സിനിമയുടെ ആരംഭത്തിൽ കാണിക്കുന്ന മെഗാസ്റ്റാർ ടൈറ്റിൽ കാർഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത്. എന്നാൽ സിനിമയുടെ കഥയിൽ ചിലർ അസംതൃപ്തി അറിയിക്കുന്നുമുണ്ട്. അത്രത്തോളം ത്രില്ലടിപ്പിക്കാൻ സിനിമയുടെ തിരക്കഥയ്ക്ക് കഴിയുന്നില്ല എന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക ഒരു വേഷം ഈ സിനിമയിൽ ചെയുന്നുണ്ട്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.












