ബെത്‌ലഹേമിന് 25 കോടിയോട് അടുത്ത ബജറ്റ്; അടുത്ത സിനിമ കൂടുതൽ വലുതായേക്കുമെന്ന് ഗിരീഷ് എ.ഡി

മലയാള സിനിമയിലെ മാറിവരുന്ന ബജറ്റ് സങ്കൽപ്പങ്ങളെക്കുറിച്ചും തന്റെ സിനിമാ യാത്രയെക്കുറിച്ചും സംവിധായകൻ ഗിരീഷ് എ.ഡി. മനസുതുറന്നു. താൻ ഇതുവരെ സംവിധാനം ചെയ്ത സിനിമകളിലൊന്നും വലിയ സിനിമയെന്ന് വിശേഷിപ്പിക്കാനാകില്ലെന്നാണ് ഗിരീഷ് എ.ഡി. പറയുന്നത്. ഒരു കാലത്ത് 10 കോടി രൂപ ബജറ്റുള്ള ചിത്രം മലയാള സിനിമയിൽ വലിയ സിനിമയായി കണക്കാക്കിയിരുന്നെങ്കിൽ, ഇന്ന് അത് സാധാരണ ബജറ്റായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

“ഞാൻ ചെയ്ത സിനിമകളിൽ ഒരു പടവും വലിയ പടമെന്ന് പറയാനില്ല. മലയാള സിനിമയുടെ സ്കെയിൽ അനുസരിച്ച് പണ്ടൊക്കെ 10 കോടി രൂപയുടെ പടമെന്ന് പറഞ്ഞാൽ ഭയങ്കര വലിയ പടമാണ്. ഇന്ന് അത് ഒരു നോർമൽ ബജറ്റാണ്. ബെത്‌ലഹേമിന്റേത് 25 കോടിയുടെ അടുത്താണ്. അപ്പോഴും ഇത് ഭയങ്കര വലിയ പടമെന്ന് പറയാൻ പറ്റില്ല,” ഗിരീഷ് എ.ഡി. പറഞ്ഞു.

ക്രമേണ വലിയ പ്രോജക്ടുകളിലേക്ക് കടന്നുവരുന്ന രീതിയിലാണ് തന്റെ സിനിമാ യാത്രയെന്നും ഒറ്റയടിക്ക് വലിയ ബജറ്റിലുള്ള സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഒരു ബിഗ് സ്റ്റാർ ചിത്രമായിരിക്കണമെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

അടുത്ത സിനിമയുടെ ബജറ്റിനേക്കാൾ പ്രാധാന്യം ചിത്രത്തിന് ആവശ്യമായ കാര്യങ്ങൾ കൃത്യമായി ഉൾപ്പെടുത്തുന്നതിനാണ് നൽകുന്നതെന്നും സംവിധായകൻ പറഞ്ഞു. അതേസമയം, നിലവിൽ ആലോചിക്കുന്ന അടുത്ത ചിത്രത്തിന് ബെത്‌ലഹേമിനേക്കാൾ ബജറ്റ് ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

“എന്റെ ആഗ്രഹം എന്ന് പറഞ്ഞാൽ കാര്യങ്ങൾ സ്മൂത്ത് ആയി പോവുക എന്നതാണ്. അടുത്ത പടം ഇതിനേക്കാൾ ബജറ്റ് കൂടുക എന്നതല്ല. മറിച്ച് ആ പടത്തിന് എന്താണ് വേണ്ടത്, ആ സാധനം അതിൽ ഉണ്ടാകണം. ഇപ്പോൾ ആലോചിക്കുമ്പോൾ ഇതിനേക്കാൾ ബജറ്റ് കൂടുമായിരിക്കും,” ഗിരീഷ് എ.ഡി. പറഞ്ഞു. അടുത്ത ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഇപ്പോൾ പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിരണിനൊപ്പം ചേർന്നാണ് പുതിയ പ്രോജക്ടിനെക്കുറിച്ച് ആലോചിക്കുന്നതെന്നും ബെത്‌ലഹേമിന്റെ ചിത്രീകരണത്തിനിടെ തന്നെ അടുത്ത സിനിമയുടെ ആശയം മനസിൽ വന്നതാണെന്നും ഗിരീഷ് എ.ഡി. കൂട്ടിച്ചേർത്തു.