
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം നാളെ, ഒക്ടോബർ 2 മുതൽ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ഇന്ന് അർധരാത്രി 12 മണി മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ലഭ്യമാകും. മമിത ബൈജുവാണ് ചിത്രത്തിലെ നായിക.
തിയേറ്റർ റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ മുന്നേറ്റമാണ് നടത്തിയത്. ഇതിനോടകം 300 കോടി രൂപയുടെ കളക്ഷൻ പിന്നിട്ട ചിത്രം ആഗോള ബോക്സ് ഓഫീസിൽ 330 കോടി കടന്നതായാണ് റിപ്പോർട്ടുകൾ.
പ്രമുഖ ട്രാക്കിങ് സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് 41 ദിവസം പിന്നിടുമ്പോൾ ചിത്രം 330.13 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിട്ട ശേഷവും ചിത്രം പ്രദർശനം തുടരുകയാണ്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.
അജ്മൽ സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. വിഷ്ണു വിജയ് സംഗീത സംവിധാനം കൈകാര്യം ചെയ്തപ്പോൾ ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും വിനായക് ശശികുമാർ ഗാനരചനയും നിർവഹിച്ചു. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്കെത്തുകയാണ്.












