തമിഴിലും തെലുങ്കിലും തരംഗമാവാൻ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഡബ്ബ്ഡ് പതിപ്പുകൾ തിയറ്ററുകളിൽ

കേരളത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇതരഭാഷകളിലേക്ക്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ് ചെയ്ത പതിപ്പുകൾ ഇന്നുമുതൽ തിയറ്ററുകളിൽ റിലീസ് ചെയ്തു. റിലീസ് ചെയ്ത് പതിനാല് ദിവസം കൊണ്ട് ആഗോളതലത്തിൽ 231.25 കോടി രൂപയാണ് ചിത്രം നേടിയതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.

‘പ്രേമം’, ‘പ്രേമലു’ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിലും തെലുങ്ക് സംസ്ഥാനങ്ങളിലും വലിയ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം. ‘പ്രേമം’ നായകനും ‘പ്രേമലു’ സംവിധായകനും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ അന്യഭാഷാ പ്രേക്ഷകരും വലിയ പ്രതീക്ഷയോടെയാണ് ഇതിനെ വരവേൽക്കുന്നത്. ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസാണ് തമിഴ് പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ വൻ വിജയം കണ്ട്, തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്നാണ് തെലുങ്ക് റിലീസും ഏറ്റെടുത്തിരിക്കുന്നത്.

ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിൽ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന ആറാമത്തെ ചിത്രമാണിത്.