
മോഹൻ ലാലിന്റെ പ്രസ്മീറ്റിനെ കുറിച്ചും നടി ചാർമിള നടത്തിയ തുറന്നു പറച്ചിലിനെക്കുറിച്ചും അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാലിനോട് പരാതി പറയാൻ പലർക്കും മടിയുണ്ടെന്നും അമ്മയുടെയും ഫെഫ്കയുടെ നേതൃ സ്ഥാനത്ത് സ്ത്രീകൾ വരണമെന്നുമാണ് ഭാഗ്യലക്ഷ്മി മലയാളത്തിലെ ഒരു പ്രമുഖ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് മലയാളത്തിലെ അഭിനേതാക്കൾക്ക് പുറമെ മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള അന്യഭാഷ താരങ്ങൾ അടക്കം അവരുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തി തുടങ്ങിയത്. മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും നടന്മാരും സംവിധായകരും നിർമാതാക്കളുമടക്കം 28 പേർ മോശമായി പെരുമാറിയെന്നുമാണ് ചാർമിള പറഞ്ഞത്.

എന്നാൽ ചാർമിളയുടെ ആരോപണങ്ങളിൽ ഇപ്പോൾ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കു പറയാനുള്ളത് മറ്റൊന്നാണ് . ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയാണ് ; …ചാർമിളയേയൊന്നും താൻ കണ്ടിട്ടില്ല എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. തങ്ങൾ ഡബ്ബിങ് സ്റ്റുഡിയോയ്ക്കുള്ളിൽ ഉള്ളവരാണ്. സ്റ്റുഡിയോയ്ക്കുള്ളിൽ നടിമാർ അങ്ങനെ വരാറില്ല. ‘കാബൂളിവാല’ സിനിമയിൽ താനാണ് അവർക്ക് ഡബ്ബ് ചെയ്തത്. പക്ഷെ അവർക്ക് അത് അറിയില്ല. അതുകൊണ്ട് തന്നെ അത്തരത്തിലുള്ളതൊന്നും അവർക്ക് സംഭവിച്ചത് താൻ കേട്ടിട്ടില്ല.
പണ്ടെന്നോ നടന്ന കാര്യങ്ങളാണ് ചാർമിള അടക്കമുള്ളവർ ഇപ്പോൾ പറയുന്നത്. അതിന് ഒരു പ്രതിവിധി വേണ്ടേ നമുക്ക്? സത്യം പുറത്ത് വരണം. ആരൊക്കെ കുറ്റം ചെയ്തിട്ടുണ്ടോ അവരെയൊക്കെ പുറത്ത് കൊണ്ടുവരണം. പക്ഷെ വൈകരുത്. നിയമം നമ്മളെ സഹായിക്കണമെങ്കിൽ നമ്മൾ ഉടനടി അതിനു വേണ്ടി പ്രവർത്തിക്കണം. അപ്പോഴാണ് നിയമത്തിന് കുറച്ച് കൂടി വേഗതയിൽ കാര്യങ്ങൾ നീക്കാൻ സാധിക്കുക. വിക്ടിം പരാതി പറയുമ്പോൾ അത് നടന്നോ ഇല്ലയോയെന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ബാധ്യതയാണ്. പക്ഷെ അതിനു കാലതാമസം നേരിടും. എത്ര വർഷങ്ങൾ ഇത് കൊണ്ട് പോകും. അതേസമയം നമ്മുടെ കയ്യിൽ ശക്തമായ തെളിവുണ്ടെങ്കിൽ… ഇന്നത്തെ കാലത്ത് തെളിവുണ്ടാക്കാനാണോ പാട് എന്നും ഭാഗ്യലക്ഷ്മി ചൂണ്ടികാണിക്കുന്നു..? ടെക്നോളജി വളർന്നു. 2024 ആയി. എന്നിട്ടും സ്ത്രീകൾക്ക് ധൈര്യം വന്നിട്ടില്ല. ഭയപ്പെടുന്നുവെന്ന് പറയുന്നു.

ഇനി വരുന്ന തലമുറയ്ക്ക് മനസമാധാനത്തോടെ ജോലി ചെയ്യാൻ ഒരു ഇടം ഉണ്ടാക്കി കൊടുക്കണമെങ്കിൽ നമ്മളിൽ ചിലർ രക്തസാക്ഷികളാവണം. എങ്കിലെ ചരിത്രം ഉണ്ടാവുകയുള്ളു. അത് സ്ത്രീകൾ മനസിലാക്കണം. ഒരേ ഒരു പ്രാവശ്യം ഒരു സംവിധായകൻ മോശമായ രീതിയിൽ തന്നോട് സംസാരിച്ചു. അയാൾക്ക് കൊടുക്കേണ്ട രീതിയിൽ വ്യക്തമായ മറുപടി കൊടുത്തതിന് ശേഷം പിന്നീട് ഒരാൾ പോലും തന്നോട് അങ്ങനെ സംസാരിച്ചിട്ടില്ല. അങ്ങനെ സംസാരിക്കാൻ ആർക്കും ധൈര്യവുമില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റിയും നടന്മാർക്കെതിരെ വന്ന ലൈംഗീകാരോപണങ്ങളെപ്പറ്റിയും എ എം എം എയുടെ പ്രസിഡന്റ് ആയിരുന്ന മോഹൻലാൽ നടത്തിയ പ്രസ്മീറ്റിനെപ്പറ്റിയും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. മോഹൻലാലിന്റെ പ്രസ്മീറ്റിന്റെ ചില ഭാഗങ്ങളെ താൻ കണ്ടിട്ടുള്ളു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അതുകൊണ്ട് തന്നെ അതിൽ തനിക്ക് വ്യക്തത കിട്ടിയിട്ടില്ല. താൻ യാത്രയിലായിരുന്നു. ഇനി വേണം അദ്ദേഹം എന്താണ് പറഞ്ഞതെന്ന് കേൾക്കാൻ. പക്ഷെ വ്യക്തിപരമായുള്ള തന്റെ ഒരു അഭിപ്രായം അദ്ദേഹം എന്ത് പറഞ്ഞുവെന്നുള്ളതല്ല. ഇനി അമ്മയുടെ നേതൃസ്ഥാനത്ത് സ്ത്രീകൾ വരണം എന്നുള്ളതാണ്.
പുരുഷന്മാരെ മാറ്റി നിർത്തണമെന്നല്ല. നേതൃസ്ഥാനത്ത് സ്ത്രീകൾ വരുമ്പോൾ ഇത്തരം ആരോപണങ്ങൾ ചെന്ന് പറയാനുള്ള ഒരു ധൈര്യം വരും. ഇന്നും പലർക്കും മോഹൻലാലിന്റെ അടുത്ത് പോയി പരാതി പറയാൻ മടിയുണ്ടാകും. ഒരു സെൽഫി ചോദിക്കാനുള്ള ധൈര്യം മാത്രമെയുണ്ടാകു. അല്ലാതെ പരാതി പറയാനുള്ള ധൈര്യം പലർക്കും ഉണ്ടായിട്ടില്ല. അതേസമയം മോഹൻലാലിന് പകരം അവിടെ ഒരു സ്ത്രീ വന്നാൽ പരാതി പറയാനുള്ള അവസരം ഉണ്ടാകും. ധൈര്യം ഉണ്ടാകും. ഒന്ന് ചേർത്ത് പിടിക്കാൻ പറ്റും. ആണിന് അങ്ങനെ ചേർത്ത് പിടിക്കാൻ പറ്റില്ലല്ലോ. അമ്മയുടെ നേതൃ സ്ഥാനത്ത് മാത്രമല്ല ഫെഫ്കയുടെ നേതൃ സ്ഥാനത്തും സ്ത്രീകൾ വരണം. പരാതികളിൽ കഴമ്പുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.











