
മണിച്ചിത്രത്താഴ് കണ്ട ആരും മറക്കാത്ത കഥാപാത്രമാണ് കുതിരവട്ടം പപ്പൂ അനശ്വരമാക്കിയ കാട്ടുപറമ്പൻ. ഇപ്പോഴിതാ ഈ കഥാപാത്രത്തെ കുറിച്ചുള്ള രസകരമായ ഒരു ഡയറക്ടര്‍ ബ്രില്ല്യൻസ് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റ മകനും നടനുമായ ബിനു പപ്പു. എന്തുകൊണ്ടാണ് അച്ഛന് അവതരിപ്പിച്ച കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവസാനം മാത്രം ഒരു തട്ട് തട്ടി ശരിയാക്കുന്നത്. അത് വേണമെങ്കില്‍ തുടക്കത്തിലെ ആവാമായിരുന്നില്ലേ. അയാള്‍ക്ക് സുഖമില്ലെന്ന് ഈ ഡോക്ടര്‍ക്ക് മനസ്സിലായി, അത് ജസ്റ്റ് ക്ലിയര്‍ ചെയ്തു കൊടുത്താല്‍ ശരിയാവും. പക്ഷേ ഈ ഗംഗയെ നേരിട്ട് കണ്ട വ്യക്തി കാട്ടുപ്പറമ്പന്‍ മാത്രമാണ്.

പുള്ളി നേരത്തെ തന്നെ ശരിയായി കഴിഞ്ഞാല്‍ കാട്ടുപറമ്പന്‍ വിളിച്ചു പറയും ഗംഗയാണ് നാഗവല്ലി എന്ന്. ഗംഗയെ അറിയിക്കാതെയാണ് ഈ ഡോക്ടര്‍ സണ്ണി ചികിത്സിക്കുന്നത്. അതുകൊണ്ട് കാട്ടുപറമ്പനെ കുറച്ചുകൂടെ നേരം ഇങ്ങനെ നടത്തണമെന്ന് ഡോക്ടര്‍ സണ്ണി തീരുമാനിച്ചു. അതുകൊണ്ടാണ് കാട്ടുപറമ്പിനെ വെള്ളം ചവിട്ടേണ്ട എന്നൊക്കെ പറഞ്ഞു ഇങ്ങനെ വിട്ടേക്കുന്നത്. അത്രയും മൈന്യൂട്ടായ കാര്യം പോലും അവര്‍ വളരെ ശ്രദ്ധിച്ചു കൊണ്ടാണ് മണിച്ചിത്രത്താഴ് ചെയ്യുന്നത്. അതാണ് ആ സിനിമയുടെ ഏറ്റവും വലിയ വിജയം നടൻ പറയുന്നു.

കുതിരവട്ടം പപ്പു മരിച്ച് 24 വർഷങ്ങൾക്ക് ശേഷമാണ് മണിച്ചിത്രത്താഴ് റീ റീലീസ് ആയിരിക്കുന്നത്. ഇത് വളരെ സ്പെഷ്യലായ ഫീലിങ്ങാണെന്നും, അച്ഛനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ബിനു പറയുന്നു.അതേസമയം സിനിമ പ്രേമികള്‍ക്ക് എത്രകണ്ടാലും മതിവരാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ടില്‍ കൂടുതല്‍ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമ വീണ്ടും കാണുവാന്‍ ആളുകളുണ്ട്. ആഗസ്റ്റ് 17ന് ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 1.10 കോടിയാണ് മണിച്ചിത്രത്താഴ് രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത്.











