‘സ്വന്തം വീടിന് മുന്നിൽ നിൽക്കാനും ബുള്ളറ്റ് പ്രൂഫ്’; അമിതാഭ് ബച്ചനും ബോളിവുഡിനും കടുത്ത ഭീഷണി, പ്രധാനമന്ത്രിക്ക് കത്ത്!

‘സ്വന്തം വീടിന് മുന്നിൽ നിൽക്കാനും ബുള്ളറ്റ് പ്രൂഫ്’; അമിതാഭ് ബച്ചനും ബോളിവുഡിനും കടുത്ത ഭീഷണി, പ്രധാനമന്ത്രിക്ക് കത്ത്!

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സിനിമ പ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന വെടിവെപ്പുകൾ, ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമങ്ങൾ, ക്രമസമാധാന തകർച്ച എന്നിവയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചാണ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാം ലാൽ ഗുപ്ത പ്രധാനമന്ത്രിക്ക് കത്തയച്ചത്.

തന്റെ വസതിയായ ‘ജൽസ’യ്ക്ക് മുന്നിൽ ആരാധകരെ കാണാൻ എത്തിയ സൂപ്പർതാരം അമിതാഭ് ബച്ചൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽ നിൽക്കേണ്ടി വന്ന സാഹചര്യം കത്തിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. സ്വന്തം നഗരത്തിൽ ആരാധകരെ കാണാൻ പോലും താരങ്ങൾക്ക് ഇത്തരത്തിലുള്ള കനത്ത സുരക്ഷാ കവചം തീർക്കേണ്ടി വരുന്നത് ചലച്ചിത്ര ചരിത്രത്തിലെതന്നെ ആശങ്കാജനകമായ കാര്യമാണെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. സൽമാൻ ഖാന്റെ വസതിക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ, ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പ് തുടങ്ങി ബോളിവുഡിലെ ഒട്ടനവധി പ്രമുഖർ നേരിടുന്ന കടുത്ത സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി ഈ വിഷയത്തിൽ എൻ.ഐ.എ (NIA) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അടിയന്തര അന്വേഷണം വേണമെന്നും AICWA ആവശ്യപ്പെട്ടിട്ടുണ്ട്.