
തെലുങ്ക് താരം അല്ലു അര്‍ജുനെതിരെ കേസ്. ലോക്സഭാ തിരഞ്ഞെടുപ്പ് ചട്ടം മറികടന്നെന്ന് ആരോപിച്ചാണ് താരത്തിനെതിരെ കേസെടുത്തത്. ആള്‍ക്കൂട്ടം സൃഷ്ടിച്ചെന്നാരോപിച്ചാണ് താരത്തിനെതിരെ കേസെടുത്തത്. സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ രവി ചന്ദ്ര കിഷോറിനുമെതിരെയും കേസ് എടുത്തു.

കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലെ നന്ദ്യാലയിലെ രവി ചന്ദ്രയുടെ വസതിയില്‍ അല്ലു അര്‍ജുന്‍ സന്ദര്‍ശനം നടത്തിയിരുന്നു. എംഎല്‍എയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ അല്ലുവിനെ കാണാന്‍ ആയിരകണക്കിന് ആരാധകരും വസതിയില്‍ കാത്തുനിന്നിരുന്നു. അല്ലു അര്‍ജുന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം അല്ലു അര്‍ജുന്‍ തന്നെയാണ് പങ്കുവച്ചത്.

അനുവാദം വാങ്ങാതെയാണ് രവിചന്ദ്ര അല്ലു അര്‍ജുനെ ക്ഷണിച്ചത്. അത് വലിയ ആള്‍ക്കൂട്ടത്തിന് കാരണമായി. ഇതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്. നന്ദ്യാല്‍ പോലീസ് ആണ് ഇരുവര്‍ക്കുമെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തത്. സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറാണ് പരാതി നല്‍കിയത്.











