
മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് വിജയമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്സ്’. ചിദംബരമാണ് ചിത്രം സംവിധാനം ചെയ്തത്. വന്‍ വിജയം നേടിയപ്പോഴും ചിത്രം വിവാദത്തിലും പെട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ പറ്റിച്ചെന്നായിരുന്നു കേസ്.
ഇപ്പോഴിതാ കേസില്‍ സൗബിന് ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എറണാകുളം മരട് പൊലീസ് ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ സൗബിനും ഷോണും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇപ്പോള്‍ ഉത്തരവിട്ടത്.

നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്റേയും, പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. അരൂര്‍ സ്വദേശി സിറാജാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. സിനിമക്കായി ഏഴ് കോടി മുടക്കി, എന്നാല്‍ ലാഭ വിഹിതമോ മുടക്ക് മുതലോ നല്‍കാതെ കബളിപ്പിച്ചു എന്നായിരുന്നു പരാതി.
ആഗോള തലത്തില്‍ ചിത്രം 235 കോടിയിലധികം രൂപ നേടിയ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം ഒടിടിയിലെത്തുന്നത്.











