നടൻ വിശാലിന് കുറിച്ച് അപകീർത്തിപരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് ചാനലുകൾക്കെതിരെ കേസ്

‘മദ ഗജ രാജ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിൽ വിറച്ച് ക്ഷീണിച്ച് നടൻ വിശാല്‍ എത്തിയതും, വേദിയില്‍ സംസാരിക്കവെ പലവട്ടം നടന് നാക്കുകുഴയുന്നതും, അല്ലാതെയുള്ള ശാരീരികബുദ്ധിമുട്ടുകള്‍ നടനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതുമായാ ചില കാഴ്ച്ചകൾ വീഡിയോകളില്‍ എത്തിയിരുന്നു. ഇതോടെ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് പല തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചില യുട്യൂബ് ചാനലുകള്‍ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്നു, ഇപ്പോൾ വിശാലിനെ കുറിച്ച് അപകീര്‍ത്തിപരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ചില യുട്യൂബ് ചാനലുകള്‍ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതോടെ, നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് മൂന്ന് ചാനലുകള്‍ക്കെതിരെ തേനാംപെട്ട് പൊലീസ് കേസ് എടുത്തത്. അതേസമയം 12 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ മദ ഗജ രാജ ഇപ്പോൾ സൂപ്പര്‍ ഹിറ്റ് ആയിരിക്കുകയാണ്. 2013ല്‍ റിലീസ് ചെയ്യേണ്ട ചിത്രമാണ് ഇപ്പോൾ 2025 ജനുവരി 12ന് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ വെറും നാല് ദിവസം കൊണ്ട് 24 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

സുന്ദര്‍ സിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.  പൊങ്കലിന് കുടുംബങ്ങള്‍ക്കായുള്ള ചിരിപ്പടം എന്ന നിലയില്‍ ചിത്രം ബോക്സോഫീസില്‍ ശ്രദ്ധ നേടി.  ചിത്രത്തിലെ സന്താനത്തിന്‍റെ കോമഡികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.  പഴയ ചിത്രം എന്നൊരു പ്രശ്നവും ഇല്ലാതെ ചിത്രത്തിലെ കോമഡികള്‍ വര്‍ക്ക് ആകുന്നുവെന്നാണ് തമിഴ് റിവ്യൂകള്‍ പറയുന്നത്.