സെൻസർ ബോർഡ് ഇടപെടൽ: ‘പൊങ്കാല’ റിലീസ് നീട്ടി

കൊച്ചി: ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “പൊങ്കാല” എന്ന പുതിയ സിനിമയുടെ റിലീസ് താൽക്കാലികമായി മാറ്റിവച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) നിർദ്ദേശത്തെ തുടർന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ തീരുമാനമെടുത്തത്.

നവംബർ 30 ഞായറാഴ്ച തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രമാണിത്. സിനിമയിൽ നിന്ന് എട്ട് റീലുകളിലെ എട്ട് രംഗങ്ങൾ നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിലെ അതിഭീകരമായ അക്രമ രംഗങ്ങളുടെ (Violence) പശ്ചാത്തലത്തിലാണ് സെൻസർ ബോർഡ് ഇത്തരമൊരു കടുത്ത നിലപാടെടുത്തതെന്നാണ് സൂചന.

എ.ബി. ബിനിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “പൊങ്കാല”, 2000 കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ആക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ്.

സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയ ശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. റിലീസിനായി ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകർക്ക് ഇത് തിരിച്ചടിയായി. യാമി സോന, ബാബുരാജ്, സുധീർ കരമന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.