‘കോടതിയുടെ സമയം കളയരുത്’; ‘രാമായണ’ത്തിനെതിരായ ഹർജിയിൽ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

‘കോടതിയുടെ സമയം കളയരുത്’; ‘രാമായണ’ത്തിനെതിരായ ഹർജിയിൽ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ സിനിമയ്‌ക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ചിത്രം ഇതിനകം റിലീസ് ചെയ്തതാണെന്നും നിരവധി പേർ കണ്ടുകഴിഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഇതിഹാസകഥയുടെ സിനിമാവിഷ്കാരത്തിൽ വസ്തുതകൾ വളച്ചൊടിച്ചെന്നാരോപിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ചത്. നവംബർ 23ന് രജിസ്റ്റർ ചെയ്ത ഹർജി ഇതുവരെ വാദത്തിനായി ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

രാമായണത്തിലെ പല വസ്തുതകളും സിനിമയിൽ തെറ്റായി അവതരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ചിത്രം ഇതിനകം തിയേറ്ററുകളിലെത്തിയതാണെന്നും കാണാൻ ആഗ്രഹമുള്ളവർ കണ്ടുകഴിഞ്ഞതാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ‘അവർക്ക് മനസിലായ രീതിയിൽ അവർ ഒരു സിനിമ നിർമിച്ചു. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങളും ഒരു സിനിമ നിർമിക്കൂ. കോടതിയുടെ സമയം കളയരുത്. ഇതിഹാസത്തെക്കുറിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ഒരു സിനിമയെടുക്കൂ’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.

ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതിന്റെ ആവശ്യകത ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ചോദ്യം ചെയ്തു. രാമായണത്തെക്കുറിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങളുള്ളവർക്ക് അവരുടെ കാഴ്ചപ്പാടുകൾ സിനിമയിലൂടെ അവതരിപ്പിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് നേരത്തെ ലിസ്റ്റ് ചെയ്യണമെന്ന അഭിഭാഷകന്റെ ആവശ്യം ബെഞ്ച് അംഗീകരിച്ചില്ല. സാധാരണ നടപടിക്രമമനുസരിച്ച് ഹർജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഇതിഹാസ സിനിമാ പരമ്പരയിലെ ആദ്യ ചിത്രമാണ് ‘രാമായണ: പാർട്ട് 1’. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നമിത് മൽഹോത്രയാണ് നിർമിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു.

രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുമ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്ന ജഡായുവിന് അനുപം ഖേറാണ് ശബ്ദം നൽകുന്നത്. അരുൺ ഗോവിൽ, ലാറ ദത്ത, രാകുൽ പ്രീത് സിംഗ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വമ്പൻ താരനിരയും വലിയ ബജറ്റും കൊണ്ട് പ്രഖ്യാപനകാലം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ തുടർഭാഗങ്ങൾക്കായും സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്.