
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ നീക്കം ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രേംകുമാർ. ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ് തന്റെ സ്ഥാനചലനത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും, ഒരേ സാഹചര്യത്തിൽ രണ്ടുപേരോട് രണ്ട് നീതിയാണ് സർക്കാർ പുലർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.
ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ചതിനാണ് തന്നെ മാറ്റിയതെങ്കിൽ, ഇടതുപക്ഷ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടും സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ ഇപ്പോഴും ആ പദവിയിൽ തുടരുന്നത് എങ്ങനെയാണെന്ന് പ്രേംകുമാർ ചോദിച്ചു. സച്ചിദാനന്ദന് എന്തോ ‘അമാനുഷിക ശക്തി’ ഉണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ബംഗാളിലെ അനുഭവം ചൂണ്ടിക്കാട്ടി കേരളത്തിൽ തുടർഭരണം പാടില്ലെന്ന് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അക്കാദമി പുനഃസംഘടിപ്പിച്ച വാർത്ത താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും തന്നെ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം സർക്കാർ ഔദ്യോഗികമായി അറിയിച്ചില്ലെന്നും പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര അവാർഡ് പ്രഖ്യാപനവും രാജ്യാന്തര ചലച്ചിത്ര മേളയും അടുത്തുനിൽക്കുന്ന സമയത്ത് തന്നെ മാറ്റിയതിൽ രാഷ്ട്രീയമായ പകപോക്കലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്ക് മുൻഗാമിയായിരുന്ന രഞ്ജിത്തിന് ശേഷം താൻ മികച്ച രീതിയിലാണ് അക്കാദമി ഭരിച്ചതെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, പ്രേംകുമാറിന്റെ കാലാവധി അവസാനിച്ചതിനാലാണ് പുതിയ സമിതിയെ നിയമിച്ചതെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് അക്കാദമിയുടെ പുതിയ ചെയർമാൻ. പുതിയ സമിതി ചുമതലയേറ്റ ചടങ്ങിൽ നിന്ന് പ്രേംകുമാർ വിട്ടുനിന്നിരുന്നു. തനിക്ക് യാതൊരു വിധത്തിലുള്ള അറിയിപ്പും ലഭിക്കാത്തതിനാലാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.











