
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാളൊരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിലൂടെ ആരാധകഹൃദയത്തിലിടം പിടിച്ചവരാണ് സുരേശനും സുമലത ടീച്ചറും. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കുന്ന ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ആരാധകലോകം വന്‍ പ്രതീക്ഷയോടെയാണ് സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

ചിത്രനായരാണ് ചിത്രത്തില്‍ സുമലതയായി എത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാ യാത്രയെ കുറിച്ച് പങ്കുവയ്ക്കുകയാണ് ചിത്രാ നായര്‍. കാസര്‍കോട്, നീലേശ്വരം സ്വദേശിനിയാണ് ചിത്ര നായര്‍. സിനിമയിലേക്കെത്തുമ്പോള്‍ ആകെ കൈയ്യിലുള്ളത് കാസര്‍കോട് ഭാഷ ശൈലി മാത്രമായിരുന്നെന്ന് താരം പറയുന്നു. സിനിമയിലെ ഒരു ചെറിയ ടേം പോലും തനിക്ക് അറിയില്ലായിരുന്നു. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ചെറിയ ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്നാല്‍ ഹൃദയഹാരിയായ പ്രണയകഥയില്‍ നായികയാണ്, മുഴുനീള കഥാപാത്രമായിരുന്നു. ഒരുപാട് ടെന്‍ഷനായിരുന്നു ചിത്രം ചെയ്യുമ്പോഴെന്നും താരം പറയുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ഒരു സിനിമയില്‍ ഒരുപാട് ചെയ്യാനുണ്ട്. ഒരുപാട് ഇമോഷണനിലൂടെ കടന്ന് പോകണം. ഒരുപാട് പേടിച്ചിട്ടാണ് ചിത്രം ചെയ്തത്. പറ്റുന്നതുപോലെ നന്നാക്കിയെടുത്തിട്ടുണ്ടെന്നും താരം പറഞ്ഞു.

മെയ് 16-നാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തിയ്യേറ്ററിലെത്തുന്നത്. മൂന്ന് കാലഘട്ടത്തിലെ പ്രണയമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പാട്ടുകളും അപ്‌ഡേറ്റുകളുമെല്ലാം ആരാധകര്‍ ഹൃദയത്തിലേറ്റിയിരുന്നു.











