കുട്ടികാലം മുതലുള്ള ആത്മബന്ധം! ഞാൻ പാടിയതിന് ആദ്യമായി പ്രതിഫലം തന്നത് അദ്ദേഹം, ചിത്ര

ജയേട്ടനുമായി കുട്ടിക്കാലം തൊട്ടുള്ള ബന്ധമാണ് എനിക്കുള്ളത്, പി. ജയചന്ദ്രനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു കെ.എസ്. ചിത്ര

കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് കെ.എസ്. ചിത്ര. ഇപ്പോൾ മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കെ.എസ്. ചിത്ര. ജയേട്ടനുമായി കുട്ടിക്കാലം തൊട്ടുള്ള ബന്ധമാണ് എനിക്കുള്ളത്. അദ്ദേഹം ഇപ്പോള്‍ നമ്മുടെ കൂടെയില്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, ചിത്ര പറയുന്നു. സ്‌റ്റേജ് പരിപാടികളില്‍ പാടിത്തുടങ്ങിയ കാലത്താണ് ജയേട്ടനെ ആദ്യമായി കാണുന്നത്. ഒരിക്കൽ തിരുവനന്തപുരം സെന്ട്രൽ സ്റ്റേഡിയത്തിൽ നടന്ന ഒരു ഓണാഘോഷ ഗാനമേളയിൽ ആദ്യമായി താൻ അദ്ദേഹത്തോടൊപ്പം പാടിയതായി ചിത്ര പറയുന്നു.

ഓണാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. അന്നേവരെ കേട്ടിട്ടില്ലാത്ത ഒരുപാട് തമിഴ് പാട്ടുകള്‍ ഞാന്‍ അന്ന് പഠിച്ച് പാടിയിരുന്നു. ആ ഗാനമേള വലിയ വിജയമായിരുന്നു. ആ പരിപാടി വിജയമായതോടെ ജയേട്ടന്‍ പിന്നീട് ആറ്റുകാലമ്പലത്തില്‍ നടത്തിയ ഗാനമേളയിലേക്ക് എന്നെ വിളിച്ചു. അന്നത്തെ ഗാനമേള കഴിഞ്ഞതിനു ശേഷം അദ്ദേഹം എന്റെ നേർക്ക് ഒരു കവർ നീട്ടി.

സ്റ്റേജില്‍ പാടിയതിന് എനിക്ക് കിട്ടിയ ആദ്യത്തെ പ്രതിഫലമായിരുന്നു അത്. കൈനീട്ടമായി കണ്ടാല്‍ മതി, പ്രതിഫലമായി കണക്കാക്കണ്ട’,എന്ന് പറഞ്ഞാണ് അത് എനിക്ക് അദ്ദേഹം  തന്നത്.ഇത് അദ്ദേഹത്തിന്റെ ബന്ധത്തെ കൂടുതൽ ആഴത്തിലാക്കിയ ഒരു നിമിഷമായിരുന്നു, ചിത്ര പറയുന്നു. അതേസമയം ജയചന്ദ്രന്റെ മരണം മലയാള സംഗീത ലോകത്തിന് ഒരു വലിയ നഷ്ടമാണെന്ന് ചിത്രയും മറ്റു പലരും സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇനിയും ജീവിതത്തിന്റെ ഓർമ്മകളായി നിലനിൽക്കുമെന്നും ചിത്ര പറഞ്ഞു.