12 വർഷത്തെ കാത്തിരിപ്പ്; 2 ഇരട്ടക്കുട്ടികളെ തന്നിട്ട് ഹനീഫാക്ക പോയി; അസുഖത്തെ കുറിച്ച് ഞങ്ങളോട് മറച്ചുവെച്ചു

വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് നടൻ കൊച്ചിൻ ഹനീഫയ്ക്കും ഭാര്യ ഫാസിലയ്ക്കും മക്കള്‍ ജനിക്കുന്നത്. മക്കള്‍ക്ക് വേണ്ടി ആശുപത്രികള്‍ കയറിയിറങ്ങിയ കാലം ഓര്‍ക്കുകയാണ് ഹനീഫയുടെ ഭാര്യ ഫാസിലയിപ്പോൾ.

ഒരു മാസികയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപത്‌നി. സഫ, മര്‍വ എന്ന് രണ്ടു ഇരട്ടകുട്ടികളാണ് ഇരുവർക്കും . തങ്ങള്‍ അത്രയയും ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചും കിട്ടിയ കണ്മണികളാണ് ഇരുവരുമെന്നാണ് ഫാസില പറയുന്നത്.

സഫ, മര്‍വ എന്നീ പേരുകള്‍ മക്കയിലെ രണ്ട് പര്‍വ്വതങ്ങളുടെ പേരാണ്. ഇസ്ലാമിൽ നബി മരുഭൂമിയില്‍ ദാഹിച്ചു നടന്നപ്പോള്‍ ഉമ്മയായ ഹാജറ ബീവി ഈ പര്‍വതങ്ങള്‍ക്കിടയിലൂടെ വെള്ളത്തിനായി അലഞ്ഞ്, നിരാശയായി തിരികെ എത്തുമ്പോള്‍ കാണുന്നത് ഉറവ പൊട്ടിയെത്തിയ ജലത്തില്‍ കളിക്കുന്ന ഇസ്മയിലിനെയാണ്. ആ ഉറവയാണ് സംസം ജലം. മക്കളെ കിട്ടാന്‍ ഞാനും ഹനീഫക്കയും അതുപോലെ അലഞ്ഞിട്ടുണ്ട്.

ആശുപത്രികളിലും ഐവിഎഫ് സെന്ററുകളിലും കയറിയിറങ്ങിയ നാളുകള്‍. ഏര്‍വാടി, നാഗൂര്‍ തുടങ്ങി സൂഫി വര്യന്മാരുടെ ദര്‍ഗകളിലും നേര്‍ച്ച കാഴ്ചകളും ദുഅയുമായി എത്രയോവട്ടം പോയി. എന്നാൽ 12 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ലയെന്നാണ് ഫാസില പറയുന്നത്. ചെന്നൈയിലെ സാലി ഗ്രാമത്തിലെ വീട്ടിലിരുന്നാണ് ആ സന്തോഷ വാര്‍ത്ത തങ്ങള്‍ ഉറപ്പിച്ചത്. സ്‌കാനിംഗില്‍ രണ്ടുപേരുടെ കുഞ്ഞനക്കങ്ങള്‍ തെളിഞ്ഞതോടെ മക്കളുടെ വാപ്പച്ചി ഒറ്റ പോക്കായിരുന്നു.

ജ്വല്ലറിയില്‍ പോയി കല്ല് പതിപ്പിച്ച വലിയൊരു മോതിരവുമായി തിരികെ വന്നു. അവര്‍ ഉദരത്തില്‍ എത്തിയതിന് എനിക്ക് തന്ന സമ്മാനമായ ആ മോതിരമാണ് ഇന്നും എന്റെ കൈവിരലില്‍ ഉള്ളത് എന്നാണ് ഫാസില പറയുന്നത്. ജനിക്കുമ്പോള്‍ മക്കള്‍ രണ്ടു പേർക്കും ഒന്നേകാല്‍ കിലോ മാത്രമായിരുന്നു ഭാരമുണ്ടായിരുന്നുള്ളൂ .

അതറിഞ്ഞു എനിക്ക് വല്ലാത്ത വെപ്രാളമായിരുന്നു. കുട്ടികള്‍ക്ക് ഭാരം കുറവാണല്ലോ എന്ന് ഹനീഫയ്ക്കയോട് ചോദിച്ചു. “പിന്നെ കെട്ടിക്കാന്‍ പ്രായമുള്ള സൈസിലാണോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതെന്ന് ആയിരുന്നു കൊച്ചിൻ ഹനീഫയുടെ ആശ്വസിപ്പിക്കല്‍ എന്നും അത് കേട്ട് താനും ചിരിച്ചു പോയിയെന്നും ഫാസില പറയുന്നു”.

മക്കൾ ജനിച്ചതിന് ശേഷം ആഭരണങ്ങളൊക്കെ അണിയിക്കുന്ന ചടങ്ങ് നാല്‍പതിനാണ്. തലശ്ശേരി മാളിയേക്കല്‍ എന്ന തന്റെ തറവാട്ടിലായിരുന്നു ആ ചടങ്ങ് നടന്നത്. കല്യാണത്തേക്കാള്‍ വലിയ ആഘോഷമായിരുന്നു അത്. കുട്ടികളുടെ ഒന്നാം പിറന്നാളും അതുപോലെ തന്നെ ആയിരുന്നു. മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, കുഞ്ചന്‍ തുടങ്ങി സിനിമയിലെ സുഹൃത്തുക്കളെയൊക്കെ വിളിച്ചായിരുന്നു ആഘോഷം . കൊച്ചിൻ ഹനീഫയും ഏറ്റവും സന്തോഷിച്ച ദിവസങ്ങളില്‍ ഒന്നായിരുന്നു അതെന്നും ഭാര്യ പറയുന്നു.

മക്കളായ സഫയ്ക്കും മർവയ്ക്കും മൂന്ന് വയസുള്ളപ്പോഴാണ് കൊച്ചിൻ ഹനീഫ മരണപ്പെടുന്നത്. ഗുരുതരമായ കരൾരോഗമുണ്ടായിരുന്ന കൊച്ചിൻ ഹനീഫ അസുഖബാധിതനായി 2010 ലായിരുന്നു മരണപ്പെടുന്നത്. ഭാര്യയോടോ സുഹൃത്തുക്കളോടോ ഒന്നും അസുഖത്തെ കുറിച്ച് പറയാതെ മറച്ച് വെച്ചിരിക്കുകയായിരുന്നു . അവസാന കാലത്താണ് എല്ലാവരും ഇതറിയുന്നത്.

അതേസമയം കുറേ വൈകിയാണ് കൊച്ചിൻ ഹനീഫ കല്യാണം കഴിച്ചത്. 1994ല്‍ വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുട്ടികളുണ്ടാകുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ മക്കളെ കണ്ട് കൊതി തീരുന്നതിന് മുമ്പേ നടൻ ഈ ലോകത്തോട് വിടപറയുകയായിരുന്നു. മക്കളുടെ ഭാവി ഓര്‍ത്താകണം അദ്ദേഹം കരള്‍രോഗത്തെക്കുറിച്ച് എന്നോട് മറച്ചുവച്ച് എന്ന് ഭാര്യ പറയുന്നു .

അതുകൊണ്ടാകാം തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ഓടി നടന്ന് അഭിനയിച്ചതെന്നും ഒരു ചെറിയ പനി വന്നാല്‍ പോലും വല്ലാതെ ബഹളമുണ്ടാക്കുന്ന ആളായിരുന്നു. പിന്നെ ഞാന്‍ മുഴുവന്‍ സമയവും കൂടെ ഇരിക്കണം. പക്ഷെ ഇത്ര ഗുരുതരമായ രോഗം പത്ത് വര്‍ഷമായി കൂടെയുണ്ടായിരുന്നുവെന്ന് ഒരു സൂചന പോലും തന്നില്ലയെന്നും ഫാസില പറയുന്നു .

താന്‍ രോഗവിവരമറിഞ്ഞാല്‍ തകര്‍ന്നു പോകുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഒരു പക്ഷെ, കുറച്ചുകൂടി സൂക്ഷിച്ചിരുന്നുവെങ്കില്‍, ശരിയായ ചികിത്സ നേരത്തെ ചെയ്തിരുന്നുവെങ്കില്‍ കരള്‍ രോഗം മൂര്‍ഛിച്ച് പിന്നീട് ക്യാന്‍സര്‍ ആയി മാറുകയില്ലായിരുന്നുവെന്നും മരിക്കുന്നതിന് നാലുമാസം മുമ്പ് മാത്രമാണ് അദ്ദേഹത്തിന്റെ രോഗം ഇത്ര ഗുരുതരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.

എന്നോട് പറയരുതെന്ന് അനുജന്മാരെയെല്ലാം അദ്ദേഹം ചട്ടം കെട്ടിയിട്ടുണ്ടായിരുന്നുവെന്നും ഫാസില പറഞ്ഞു. അതേസമയം മക്കളും തങ്ങളുടെ വാപ്പയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ബാപ്പിച്ചിയെ കണ്ട ഓര്‍മ്മ ഞങ്ങള്‍ക്കുമില്ല. എന്നാല്‍ ബാപ്പിച്ചി ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്.

സിനിമകളിലൂടെ ഞങ്ങള്‍ വീണ്ടും വീണ്ടും ബാപ്പിച്ചിയെ കാണുന്നു. ബാപ്പിച്ചി ഇപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നും മകൾ സഫ മുൻപ് പറഞ്ഞിട്ടുണ്ട്. മക്കളെപ്പറ്റി കൊച്ചിൻ ഹനീഫയ്ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ഫാസില മുൻപ് പറഞ്ഞത്.

സിനിമ തിരക്കിനിടയില്‍ മക്കളുടെ കാര്യത്തില്‍ അധികം ശ്രദ്ധിക്കാന്‍ പറ്റാത്തതിന്റെ വിഷമവും പറയുമായിരുന്നുവെന്നും പുലര്‍ച്ചെ പോകുമ്പോള്‍ ഉറങ്ങി കിടക്കുന്ന മക്കളെ അദ്ദേഹം കുറച്ച് നേരം നോക്കി നില്‍ക്കും. മക്കളെ നന്നായി നോക്കണേ എന്ന് പറയും. മക്കളെ കണ്ട് കൊതി തീരാതെ അദ്ദേഹം പോയെന്നാണ്‌ ഭാര്യ ഫാസില മുൻപ് പറഞ്ഞത്.

അദ്ദേഹം പോയതിന് ശേഷം കുറേ സങ്കടങ്ങള്‍ നേരിടേണ്ടി വന്നു. അതിന് ആരെയെങ്കിലും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ ഞങ്ങളില്ല. മക്കള്‍ പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്നും സ്വന്തമായൊരു വീടും വലിയ സ്വപ്‌നമാണ് എന്നും സിനിമാ ലോകത്തു നിന്ന് നടന്‍ ദീലിപാണ് തങ്ങളെ ഏറെ സഹായിച്ചതെന്നും മുൻപ് ഫാസില പറഞ്ഞിട്ടുണ്ട് . ഇപ്പോഴും അത് തുടരുന്നുണ്ട്.

മക്കളുടെ ജന്മദിനത്തില്‍ മറക്കാതെ അവര്‍ക്ക് കേക്ക് കൊടുത്തയക്കും. ഏത് കാര്യമായാലും തന്നെ വിളിച്ചാല്‍ മതിയെന്നാണ് ദിലീപ് പറയാറുള്ളതെന്നും ഫാസില പറഞ്ഞു.

അതേസമയം ബാപ്പിച്ചിയുടെ ചിരി ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നതെന്നും സിഐഡി മൂസ എത്ര തവണയാണ് കണ്ടതെന്ന് ഞങ്ങള്‍ക്ക് എണ്ണമില്ല. അതിലെ ഓരോ ഡയലോഗും ഞങ്ങള്‍ക്ക് കാണാപ്പാഠമാണെന്നാണ് മക്കൾ പറഞ്ഞത്. സ്‌കൂളിലൊക്കെ സിനിമാതാരത്തിന്റെ മക്കള്‍ എന്ന മേല്‍വിലാസം തങ്ങള്‍ക്കുണ്ടായിരുന്നു.

സിനിമക്കഥകളൊക്കെ പല കൂട്ടുകാരും ചോദിക്കുമായിരുന്നു. ബാപ്പിച്ചിയുടെ മക്കള്‍ എന്ന നിലയില്‍ ടീച്ചേഴ്‌സിനും ഞങ്ങളോട് വലിയ കാര്യമായിരുന്നുവെന്നാണ് മകൾ മര്‍വ പറഞ്ഞത്.

അതേസമയം നടന്‍ കൊച്ചിന്‍ ഹനീഫ മണ്മറഞ്ഞു പോയിട്ട് 14 വര്‍ഷങ്ങളായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഒരുപാട് ആഗ്രഹിച്ചു കിട്ടിയ മക്കളുടെ വളർച്ച കാണും മുൻപേ അദ്ദേഹം യാത്രയായി .