
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കടുത്ത ആരോപണങ്ങളും പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ. സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത പരിഹാസവും അപമാനവുമെന്നാണ് ലിജി പറയുന്നത്. രതീഷിന്റെ പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിൽ ജോലി ചെയ്തിട്ടും ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കി ലിജി എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു.
സംവിധായകനിൽ നിന്ന് മോശമായ പെരുമാറ്റമാണ് സിനിമയുടെ തുടക്കം മുതൽ നേരിടേണ്ടി വന്നത്. പ്രതിഫലവും തന്നില്ല. സിനിമ ഇറങ്ങിയപ്പോൾ ക്രെഡിറ്റ് ലൈനിൽ അസിസ്റ്റന്റ് എന്നാണ് തന്റെ പേര് വന്നത്. കോസ്റ്റ്യൂം ഡിസൈനറുടെ ക്രെഡിറ്റിൽ വേറൊരു വ്യക്തിയുടെ പേരായിരുന്നുവെന്നും ലിജി പറഞ്ഞു. 45 ദിവസത്തെ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിലാണ് താൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയതെന്ന് ലിജി പരാതിയിൽ പറയുന്നു.
ഇതിനായി രണ്ടേകാൽ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. എന്നാൽ ചിത്രത്തിന്റെ ഷെഡ്യൂൾ 110 ദിവസത്തേക്ക് നീണ്ടതോടെ നിർമ്മാതാക്കളുമായുള്ള കരാർ അനുസരിച്ച് സമ്മതിച്ച പ്രതിഫലത്തുക പോലും നൽകിയില്ല. പ്രീ പ്രൊഡക്ഷൻ സമയം മുതൽ പ്രശ്നങ്ങളിൽ നേരിടേണ്ടി വന്നിരുന്നു എങ്കിലും തുടരാൻ പ്രൊഡക്ഷൻ ടീം ആവശ്യപ്പെടുകയായിരുന്നുവെന്നും ലിജി പറയുന്നു.











