അതുലും റിഫ്തയും സാറയും അവസാനമായി ക്യാപസിലേക്ക് എത്തി!!! കണ്ണീരടക്കാനാവാതെ സഹപാഠികളും അധ്യാപകരും

കുസാറ്റിലെ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. ആഘോഷത്തിമിര്‍പ്പാണ് കണ്ണീര്‍ക്കടലായി മാറിയത്. ആര്‍ത്തുല്ലസിച്ച മൂന്ന് ജീവനുകള്‍ ക്യാപസില്‍ നിശ്ചലമായി എത്തിയിരിക്കുകയാണ്. ടെക്‌ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയ മൂന്ന് വിദ്യാര്‍ഥികളാണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്. മരിച്ച നാലാമത്തെയാളായ ആല്‍വിന്‍ ജോസഫ് പൂര്‍വ വിദ്യാര്‍ഥിയായിരുന്നു.

സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ.എം.തമ്പിയുടെ മകന്‍ അതുല്‍ തമ്പി (21), പറവൂര്‍ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടില്‍ കെ.ജി.റോയിയുടെ മകള്‍ ആന്‍ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നില്‍ താമസിക്കുന്ന വയലപ്പള്ളില്‍ തോമസ് സ്‌കറിയയുടെ മകള്‍ സാറ തോമസ് (20) എന്നിവരാണ് മരിച്ചത്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൂന്ന് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വച്ചു. അപ്രതീക്ഷിതമായി വിടപറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപാഠികളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് എത്തുന്നത്. സാറാ തോമസിന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിന് ആദ്യം കൊണ്ടുവന്നത്. ഇതിനു പിന്നാലെ ദുരന്തത്തില്‍ മരിച്ച അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളും കാമ്പസിലേക്ക് കൊണ്ടുവന്നു. ആല്‍വിന്‍ ജോസഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ശനിയാഴ്ച വൈകിട്ട് ആറേമുക്കാലിനാണ് നാടിനെ നടുക്കിയ ദുരന്തം. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കയറാനെത്തിയവരാണ് ദുരന്തത്തിനിരയായത്. മഴ പെയ്തതോടെ വിദ്യാര്‍ഥികളുടെ തള്ളലില്‍ ഗേറ്റ് തുറന്നപ്പോള്‍ പലരും താഴെ വീണു. ഗേറ്റ് തുറക്കുന്നത് താഴേക്ക് കുത്തനെയുള്ള പടികളിലേക്കായത് അപകടം കൂട്ടി. തിക്കിലും തിരക്കിലും കൂടുതല്‍ പേര്‍ വീണു, വീണവരെ ചവിട്ടി പിന്നിലുള്ളവരും വീണതോടെ സ്ഥിതി ഗുരുതരമാക്കി. തലയടിച്ചാണ് പരിക്കേറ്റിരിക്കുന്നത്.