
കൊച്ചി: നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷയുടെ മകൾ ഷിഫ ബാദുഷയ്ക്ക് നേരെ സൈബർ ഇടങ്ങളിൽ മോശം കമന്റുകളും അധിക്ഷേപങ്ങളും. ഇതിന് മറുപടിയുമായി ഷിഫ തന്നെ രംഗത്തെത്തി.
തന്റെ വാപ്പ (ബാദുഷ) ഹരീഷ് കണാരനിൽ നിന്നും 20 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്നും, അത് തീർച്ചയായും തിരികെ നൽകുമെന്നും ഷിഫ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. “വാപ്പി പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ അത് കൊടുത്തിരിക്കും. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്ന് പറഞ്ഞ് വാങ്ങിയ പണം നാല് വർഷമായിട്ടും നൽകിയില്ലെന്നും, തനിക്ക് ലഭിക്കേണ്ട സിനിമകൾ ബാദുഷ മുടക്കിയെന്നും” ഹരീഷ് കണാരൻ അടുത്തിടെ ആരോപിച്ചിരുന്നു.
വാപ്പിയോട് താൻ പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “വീട്ടിലെ കാര്യങ്ങൾ അറിഞ്ഞ് വളരണം, പൊതുജനത്തോട് പറയാനുള്ളതെല്ലാം താൻ തന്നെ അറിയിക്കുമെന്നും” ബാദുഷ പറഞ്ഞതായി ഷിഫ വെളിപ്പെടുത്തി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം മറുപടി നൽകാമെന്നാണ് ബാദുഷ നേരത്തെ പ്രതികരിച്ചത്.
എന്നാൽ, ഈ വിഷയത്തിന്റെ പേരിൽ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ മോശമായ ഭാഷ ഉപയോഗിച്ച് കമന്റ് ചെയ്യുന്നത് ശരിയല്ലെന്നും ഷിഫ പറയുന്നു. “ഒരുവശം മാത്രം കേട്ടാണ് പലരും സൈബർ ആക്രമണം നടത്തുന്നത്. വാപ്പിയുടെ മകളായതിൽ എനിക്ക് അഭിമാനമുണ്ട്, എന്നാൽ ‘പ്രൊഡ്യൂസർ ബാദുഷയുടെ മകൾ’ എന്ന് അറിയപ്പെടാൻ താൽപര്യമില്ല. അതുകൊണ്ട് എന്റെ കമന്റ് ബോക്സിൽ വന്ന് തുള്ളരുത്,” ഷിഫ കൂട്ടിച്ചേർത്തു.











