
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി സംവിധായകൻ രഞ്ജിത്ത് ശങ്കർ രംഗത്തെത്തി. ദീപകിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നു എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരാൾ കുറ്റം ചെയ്തോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്ന പ്രവണതയ്ക്കെതിരെയാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്.
വർഷങ്ങൾക്ക് മുമ്പ് കള്ളനാണെന്ന് ആരോപിച്ച് ഒരു ബസ് യാത്രക്കാരനെ സഹയാത്രികർ തല്ലിക്കൊന്ന വാർത്തയോളം തന്നെ ക്രൂരമാണ് ദീപകിന്റെ അവസ്ഥയെന്ന് രഞ്ജിത്ത് ശങ്കർ പറഞ്ഞു. യാതൊരു തെളിവുമില്ലാതെ ഒരാളെ പരസ്യമായി അപമാനിക്കുന്നതും വേട്ടയാടുന്നതും എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതം തകർക്കാൻ വെറുമൊരു വീഡിയോ ദൃശ്യം മതിയെന്ന സാഹചര്യം ഭീതിജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഒരു യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഈ വീഡിയോ വൈറലായതോടെ ദീപക്കിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക് സുഹൃത്തുക്കളോട് പറഞ്ഞിരുന്നെങ്കിലും, അപമാനഭാരം താങ്ങാനാവാതെ അദ്ദേഹം മരണത്തെ വരിക്കുകയായിരുന്നു.
സിനിമ-സാംസ്കാരിക മേഖലയിലുള്ള നിരവധി പേർ ദീപക്കിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഇത്തരം ‘സോഷ്യൽ മീഡിയാ കോടതികൾക്കെതിരെ’ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന്റെ പരാതിയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെയും അന്വേഷണം നടക്കാനാണ് സാധ്യത.











