
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്തിന്റെ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്ത് ഹര്‍ജി പിൻവലിച്ചു.
2021-ലെ കർഷക സമരത്തില്‍ പങ്കെടുത്ത 73-കാരിക്കെതിരെ മോശം പരാമര്‍ശം ഉള്‍പ്പെടുത്തിയ ട്വീറ്റ് കങ്കണ റീട്വീറ്റ് ചെയ്തതാണ് കേസിന് ആധാരമായത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ചിന് മുന്‍പാകെയാണ് കങ്കണയുടെ ഹര്‍ജിയെത്തിയത്. കങ്കണയുടെ ട്വീറ്റ് സാധാരണ റീട്വീറ്റ് മാത്രമല്ല, സ്വന്തം പരാമര്‍ശവും ചേര്‍ത്തതാണെന്ന് ജസ്റ്റിസ് സന്ദീപ് മെഹ്ത വ്യക്തമാക്കി.
വാദത്തിനിടെ കങ്കണ ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പഞ്ചാബില്‍ ഹാജരാകുന്നതിന് സുരക്ഷാ പ്രശ്നമുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വിശദീകരണം വിചാരണക്കോടതിയില്‍ തന്നെയാകണമെന്ന് ജസ്റ്റിസ് മെഹ്ത വ്യക്തമാക്കി.
2021-ല്‍ ഭട്ടിന്‍ഡയില്‍ മഹീന്ദർ കൗർ നല്‍കിയ പരാതിയിലാണ് കേസ്. കർഷകസമരത്തിലെ അവരുടെ ചിത്രം ഉൾപ്പെടുത്തി, ടൈം മാസികയിലെ ‘ദാദി’യുമായി ബന്ധപ്പെടുത്തി അപകീര്‍ത്തികരമായ രീതിയിൽ കങ്കണ ട്വീറ്റ് റീട്വീറ്റ് ചെയ്തെന്നാണ് ആരോപണം.











