
തമിഴകത്തിന്റെ സ്വന്തം ബ്രൂസ്ലി ധനുഷ്. പരിഹസിച്ചവരെ കൊണ്ട് കൈയ്യടിപ്പിച്ച അതുല്യ പ്രതിഭ. വെങ്കിടേഷ് പ്രഭു എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്.
2002 ൽ സിനിമ ജീവിതം ആരംഭിച്ച ധനുഷിന്റെ ആദ്യ ചിത്രം പിതാവായ കസ്തൂരി രാജ സംവിധാനം ചെയ്ത ‘തുള്ളുവതോ ഇളമൈ’ ആയിരുന്നു. ഷെഫ് ആകാൻ ആഗ്രഹിച്ച 17 വയസുകാരന്റെ ജീവിതത്തിലുണ്ടായ മാറ്റം വളരെ വലുതായിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ആദ്യ ചിത്രത്തിന് ശേഷം പ്രേക്ഷകർ കണ്ടത് ഒരു നടന്റെ വളർച്ചയായിരുന്നു.
സിനിമാ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ വണ്ണമില്ലാത്തതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്ന അദ്ദേഹം ഒരിക്കലും തന്റെ കരിയർ കൈവിട്ടുകളഞ്ഞില്ല.കഠിന പ്രയത്നങ്ങളിലൂടെയും ആത്മ സമർപണത്തിലൂടെയും ഇന്ന് നമ്മൾ കാണുന്ന ധനുഷായി മാറി.

‘പൊല്ലാതവൻ, യാരടി നീ മോഹിനി, മാരി, വട ചെന്നെ, പുതു പേട്ടെയ്, വേലയില്ലാ പട്ടതാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.വ്യത്യസ്തമായ കഥാപാത്രത്തിലൂടെയും വേഷ പകർച്ചയിലൂടെയും പ്രേക്ഷകരെ വിസ്മയം കൊള്ളിച്ചു.
അദ്ദേഹത്തിന്റെ ആടുകളo, അസുരൻ എന്നീ സിനിമയിലെ അഭിനയമികവിന് ധനുഷിന് നാഷണൽ അവാർഡ് ലഭിച്ചു. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും 2017 ൽ പുറത്തിറങ്ങിയ ‘പവർ പാണ്ടി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സോനം കപൂർ നായികാ വേഷത്തിലെത്തിയ ‘രാഞ്‌ജന’ ആയിരുന്നു ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രം. വളരെ മികച്ച രീതിയിലുള്ള പ്രതികരണത്തിലൂടെ ഹിന്ദി സിനിമാ പ്രേക്ഷകരും ധനുഷിനെ സ്വാഗതം ചെയ്തു.ആന്റണി റുസോ,ജോ റു സോ എന്നിവരുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദി ഗ്രേ മാനിലൂടെ’ ഹോളിവുഡിലേക്കും ചുവടു വെച്ചു.
അങ്ങനെ ഓരോ വിജയത്തിന്റെ പടികൾ കയറിയപ്പോഴും അദ്ദേഹം തന്റെ സിoപ്ലിസിറ്റി കൈവിട്ടില്ല. ഓരോ അവാർഡ് വാങ്ങാൻ വരുമ്പോഴും എന്തെങ്കിലും ഒന്ന് പ്രേക്ഷകരോട് പറയാൻ കാണുമെന്നത് ഉറപ്പാണ്. ഉപദേശമെന്നോ,മോട്ടിവേഷനെന്നോ വിളിക്കാവുന്ന വാക്കുകൾ. അത് ഒരു സാധാരണക്കാരന്റെയാണ്.
കളിയാക്കലുകളിൽ തളരാതെ തന്റെ സ്വപ്നങ്ങൾ നേടിയെടുത്തവന്റെ വാക്കുകളാണ്. നടൻ, സംവിധായകൻ, പ്രൊഡ്യൂസർ, ഗായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച് ധനുഷ് ഇന്ന് ഓൾ റൗണ്ടർ ആയി മാറി കഴിഞ്ഞു.
ഏത് കാരക്ടർ ആയാലും അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമാണ്. കാതൽ കൊണ്ടേനിലെ വിനോദായാലും, വി.ഐ.പിയിലെ കാർത്തികായാലും ഇന്നും മറക്കാനാകാത്തതാണ്. അങ്ങനെ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസിൽ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു.
ഫൈറ്റിങ്ങ് സീനിൽ പ്രേക്ഷകരെ അതിശയിപ്പിക്കുന്നതിനാലാകാം ബ്രൂസ്ലി എന്ന പേരിൽ ധനുഷ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഡാൻസിങ് സ്‌റ്റൈലിനും ആരാധകർ ഏറെയാണ്. ചടുലമായ വേഗത്തിലുള്ള ഡാൻസാണ് അദ്ദേഹം കാഴ്ചവെയ്ക്കാറുള്ളത്.
ആത്മവിശ്വാസവും, കഠിനാധ്വാനവുമുണ്ടെങ്കിൽ ഏതൊരു വ്യക്തിക്കും ഉയരങ്ങളിൽ എത്തിച്ചേരാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ധനുഷ് എന്ന നടൻ.സന്ദീപ് കിഷൻ, അപർണ ബാലമുരളി എന്നിവർ നായികാ-നായകൻമാരാ യെത്തിയ ‘റായൻ’ ആണ് ധനുഷിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം .











