
തമിഴ് സിനിമാലോകത്ത് ഏറെ ശ്രദ്ധ നേടുന്ന ധനുഷ്–മമ്മൂട്ടി ചിത്രം ‘ഓം’ന്റെ വിദേശ വിതരണാവകാശം സ്വന്തമാക്കി പ്രമുഖ വിതരണ കമ്പനിയായ ഫാർസ് ഫിലിം. ചിത്രത്തിന്റെ നിർമാതാക്കളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘അമരൻ’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ്, മമ്മൂട്ടി, സായ് പല്ലവി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഓം’നുണ്ട്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ നിർണായകമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സായ് പല്ലവിക്കും ധനുഷിനും മമ്മൂട്ടിക്കുമൊപ്പം ബോളിവുഡ് താരം നസീറുദ്ദീൻ ഷായും ചിത്രത്തിലുണ്ട്. 32 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീൻ ഷായും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. 1994ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പൊന്തൻമാട’യിലായിരുന്നു ഇരുവരും ഇതിനുമുമ്പ് ഒന്നിച്ചെത്തിയത്.
2018ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് സിനിമ കൂടിയാണ് ‘ഓം’. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ആദ്യ ഭാഗത്തിന് ‘ഓം ചാപ്റ്റർ 1: ഉധിരം – ദി ബ്ലഡ് വുഡ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. സായ് പല്ലവി നായികയായെത്തുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സായ് അഭയങ്കറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ധനുഷിന്റെ കരിയറിലെ 55-ാമത്തെ ചിത്രമായ ‘ഓം’, നേരത്തെ ‘ഡി 55’ എന്ന വർക്കിങ് ടൈറ്റിലിലാണ് അറിയപ്പെട്ടിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ഒക്ടോബർ 16ന് നിശ്ചയിച്ചിരുന്ന റിലീസ് തീയതി രജനികാന്തിന്റെ ‘ജയിലർ 2’ന്റെ റിലീസ് പരിഗണിച്ച് മാറ്റിവെക്കുകയായിരുന്നു. പുതിയ പ്രഖ്യാപനമനുസരിച്ച് നവംബർ 20നാണ് ചിത്രം തിയറ്ററുകളിലെത്തുക.












