ഷാരൂഖ് ഖാനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി അനന്ത് അംബാനി? വിഡിയോ വൈറൽ

ഷാരൂഖ് ഖാനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി അനന്ത് അംബാനി? വിഡിയോ വൈറൽ

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും സദ്ഗുരുവും അനന്ത് അംബാനിയും ഒന്നിച്ചുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. സദ്ഗുരുവുമായി സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തുണ്ടായിരുന്ന ഷാരൂഖ് ഖാനോട് മിണ്ടാതിരിക്കാൻ അനന്ത് അംബാനി വിരൽ ചൂണ്ടി ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നടന്ന ‘ഗ്ലോബൽ പീസ് ഓണേഴ്‌സ് 2026’ വേദിയിലാണ് സംഭവം. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 18–ാം വാർഷികത്തിന് മുന്നോടിയായി അമൃത ഫഡ്‌നാവിസിന്റെ ദിവ്യജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കലാ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ഒത്തുചേർന്നത്.

വേദിയിൽ സദ്ഗുരുവുമായി സംസാരിക്കുകയായിരുന്ന അനന്ത് അംബാനിയുടെ സംഭാഷണത്തിൽ ഇടപെടാൻ ഷാരൂഖ് ഖാൻ ശ്രമിക്കുന്നതും, ഈ സമയം അനന്ത് കൈവിരൽ ചൂണ്ടി നിശബ്ദനാകാൻ ആവശ്യപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഇവർ തമ്മിൽ സംസാരിച്ചത് എന്താണെന്ന് വിഡിയോയിൽ വ്യക്തമല്ല.

‘പണത്തിന്റെ ശക്തി ഇവിടെ കാണാം, സദ്ഗുരുവിനോട് സംസാരിക്കുന്നതിനിടെ ഷാരൂഖ് ഖാനോട് മിണ്ടാതിരിക്കാൻ അനന്ത് അംബാനി വിരൽ ചൂണ്ടി ആവശ്യപ്പെടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിവിധ പ്ലാറ്റ്‌ഫോമുകളിൽ വിഡിയോ പ്രചരിക്കുന്നത്.

വിഡിയോ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ഉയരുന്നത്. ബോളിവുഡിന്റെ ‘കിങ് ഖാനോട്’ ഇത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്നും ഇത് പണത്തിന്റെ അധികാരത്തെയാണ് കാണിക്കുന്നതെന്നും ഒരു വിഭാഗം വിമർശിക്കുന്നു. എന്നാൽ അംബാനി കുടുംബവും ഷാരൂഖ് ഖാനും തമ്മിൽ വർഷങ്ങളായുള്ള അടുത്ത സൗഹൃദമാണുള്ളതെന്നും, സുഹൃത്തുക്കൾക്കിടയിലുള്ള സ്വാഭാവികമായ ഇടപെടലിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മറുവിഭാഗം വാദിക്കുന്നു. ഒരു നിമിഷത്തെ ദൃശ്യം മാത്രം കണ്ട് യാഥാർഥ്യമറിയാതെ വിമർശിക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുണ്ട്.