പൊതുധാരണകളെ അട്ടിമറിച്ച് മറ്റൊരു വിതാനത്തിലേക്ക് എത്തിപ്പെടുമ്പോഴാണ് ഒരു വ്യക്തിയുടെ യഥാർഥ കഴിവ് നിർണ്ണയിക്കപ്പെടുന്നത്. സായി പല്ലവിയുടെ കാര്യത്തിൽ അത് അക്ഷരംപ്രതി സത്യമാവുകയാണ്. ‘പ്രേമം’ എന്ന സിനിമയിൽ മുഖം നിറയെ കുരുക്കളുമായി സ്ത്രൈണഭംഗിയുടെ പ്രതീകമായി പ്രണയാർദ്രഭാവങ്ങളുമായി നിറഞ്ഞു നിന്ന സായി പല്ലവിക്ക് ഇടിവെട്ട് പൊലീസ് ഓഫിസറായി സ്ക്രീനിൽ നിന്ന് കത്താൻ കഴിയുമെന്ന് പറഞ്ഞാൽ ‘ഓം’ എന്ന സിനിമയ്ക്ക് മുൻപ് ആരും വിശ്വസിക്കുമായിരുന്നില്ല. എന്നാൽ സായി അത് തെളിയിച്ചിരിക്കുന്നു; പുഷ്പം പോലെ തീർത്തും അനായാസമായി. മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ മമ്മൂട്ടിയെയും ധനുഷിനെയും പോലുള്ള മികച്ച നടന്മാരെ അപ്പുറത്തും ഇപ്പുറത്തും നിർത്തി സായി വിശാലമായ കയ്യടി വാങ്ങുമ്പോൾ കാണുന്നവരുടെ മുഖത്ത് അമ്പരപ്പാണ്.
രൂപം കൊണ്ട് അവർ രാമായണത്തിലെ സീതയാവില്ലെന്ന് പറഞ്ഞ് കുത്തിനോവിച്ചവരെ, ഭാവം കൊണ്ട് സീതയാകാൻ കഴിയുമെന്ന് കാണിച്ചുകൊടുത്തതിന് തൊട്ടുപിന്നാലെയാണ് ‘ഓമി’ലെ വനിതാ ഐപിഎസ് ഓഫിസർ നിത്യാ റെഡ്ഡിയായുള്ള പകർന്നാട്ടം. ‘ഓം’ പൂർണമായ അർഥത്തിൽ ഒരു സായി പല്ലവി ചിത്രമല്ല. ധനുഷും മമ്മൂട്ടിയും ഇഞ്ചോടിഞ്ച് മത്സരിച്ച് അഭിനയിക്കുന്ന പടത്തിൽ പക്ഷേ അവരെ മറികടക്കുന്ന പെർഫോമൻസ് കൊണ്ട് ശ്രദ്ധനേടുകയാണ് സായി. സിനിമയുടെ ഓഡിയോ ലോഞ്ചിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധനേടുകയാണ്: “സായ് പല്ലവി ഇതിൽ ഫൈറ്റ് ചെയ്യുമ്പോൾ, നായകന്മാർ പോലും തോറ്റുപോകും. ബ്രൂസ് ലീയെപ്പോലെയാണ് അവർ ഫൈറ്റ് ചെയ്യുന്നത്.”
ഏത് സിനിമയിലും നായകനടന്മാരെ മറികടന്ന് തരംഗങ്ങൾ സൃഷ്ടിക്കുന്നത് അവരുടെ പതിവാണ്. ‘പ്രേമ’ത്തിൽ തുടങ്ങിയ ഈ രീതി ‘ഓ’മിലും ആവർത്തിക്കപ്പെടുന്നു. ‘പ്രേമ’ത്തിൽ അധ്യാപികയായ മലരിന്റെ സൂക്ഷ്മഭാവങ്ങളും അടിപൊളി നൃത്തവും നമ്മെ ഞെട്ടിച്ചെങ്കിൽ ‘ഓമി’ൽ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ധീരവീര മാനറിസങ്ങൾ കൊണ്ട് കാണികളെ കീഴടക്കുന്നു സായി.
ഒരുപാട് അപൂർവതകളും അസാധാരണത്വങ്ങളും നിറഞ്ഞ ഒന്നായിരുന്നു സായിയുടെ ജന്മവും ജീവിതവും. തമിഴ്നാട്ടിലെ ഊട്ടിക്കടുത്ത് കൊത്തഗിരിയിൽ ഇന്നും ലിപിയില്ലാത്ത ഭാഷ സംസാരിക്കുന്ന, വ്യത്യസ്ത സംസ്കാരം കാത്തുസൂക്ഷിക്കുന്ന ബഡുഗ സമുദായത്തിലാണ് സായി പല്ലവിയുടെ ജനനം. സെൻട്രൽ എക്സൈസ് ഓഫിസറായിരുന്നു പിതാവ് സെന്താമര കണ്ണൻ. മകൾ നടിയാവുമെന്ന് കുടുംബത്തിൽ ആരും വിചാരിച്ചിരുന്നില്ല. പക്ഷേ സായിയുടെ മനസ്സിൽ നൃത്തവും സിനിമയുമായിരുന്നു. ആത്മീയഗുരുവായ സായിബാബയുടെ ശക്തരായ അനുയായികളായിരുന്നു ആ കുടുംബം. കൈക്കുഞ്ഞായിരുന്ന ഘട്ടത്തിൽ സായി പല്ലവിയെയും കൂട്ടി മാതാപിതാക്കൾ പുട്ടപർത്തിയിൽ എത്തി. സായിബാബയാണ് കുഞ്ഞിന് സായി പല്ലവിയെന്ന് പേരിട്ടത്.
നീ അനുഗ്രഹിക്കപ്പെട്ട കുഞ്ഞാണെന്ന് അമ്മ രാധ എപ്പോഴും സായിയോട് പറയുമായിരുന്നു. ഒരു മന്ത്രം പോലെ പോസിറ്റീവായ ആ വാക്കുകൾ കുഞ്ഞുഹൃദയത്തിൽ സ്ഥാനം പിടിച്ചെങ്കിലും അതിന്റെ സാധ്യതകളെക്കുറിച്ച് ആ ഘട്ടത്തിൽ സായി ചിന്തിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷം പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കി സായി പറഞ്ഞു, “ഐ ആം റിയലി ബ്ലെസ്ഡ്…”
കോയമ്പത്തൂർ ആവിലാ ഗേൾസ് കോൺവന്റ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സായി പല്ലവിയിലെ കലാകാരിയെ കണ്ടെത്തിയതിൽ അവിടത്തെ കന്യാസ്ത്രീകൾ വഹിച്ച പങ്ക് ഏറെയാണ്. നൃത്തത്തോടുള്ള സായിയുടെ അഭിരുചി തിരിച്ചറിഞ്ഞ സിസ്റ്റേഴ്സ് നന്നായി പ്രോത്സാഹിപ്പിച്ചു. തുടർന്ന് ജൂനിയർ ആർട്ടിസ്റ്റായാണ് സായി സിനിമയിൽ തുടക്കം കുറിച്ചത്.
ജോർജിയയിൽ എംബിബിഎസ് പഠനത്തിനായി പോയ സായി പല്ലവിയെ തേടിയെത്തിയ ‘പ്രേമം’ എന്ന സിനിമയാണ് അവരുടെ ജീവിതം മാറ്റിമറിച്ചത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ‘കളി’, ‘ഫിദ’, ‘ഗാർഗി’, ‘അമരൻ’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന സായി പല്ലവി, ‘രാമായണ’ത്തിലൂടെയും ഇപ്പോൾ ‘ഓം’ എന്ന ചിത്രത്തിലൂടെയും തന്റെ അഭിനയജീവിതത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്.
