ഷാറൂഖ് ഖാനെ ‘അങ്കിൾ’ എന്ന് വിളിച്ചോ? പ്രചരിക്കുന്നത് വ്യാജമെന്ന് ടർക്കിഷ് നടി ഹാൻഡെ എർസെൽ

റിയാദ്: ബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാനെ ടർക്കിഷ് നടി ഹാൻഡെ എർസെൽ ‘അങ്കിൾ’ എന്ന് വിളിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി. സൗദി അറേബ്യയിലെ റിയാദിൽ നടന്ന ‘ജോയ് അവാർഡ്‌സ് 2026’ ചടങ്ങിനിടെയുണ്ടായ ദൃശ്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് വിവാദം ഉടലെടുത്തത്.

അവാർഡ് വേദിയിൽ ഷാറൂഖ് ഖാൻ സംസാരിക്കുമ്പോൾ സദസ്സിലിരുന്ന ഹാൻഡെ തന്റെ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതോടെ ഹാൻഡെ ഒരു കടുത്ത ഷാറൂഖ് ആരാധകിയാണെന്ന് ആരാധകർ വിധിയെഴുതി. എന്നാൽ തൊട്ടുപിന്നാലെ, “ആരാണ് ഈ അങ്കിൾ? ഞാൻ ഇദ്ദേഹത്തിന്റെ ആരാധകിയല്ല, എന്റെ സുഹൃത്ത് അമിന ഖലീലിനെയാണ് ഞാൻ വീഡിയോയിൽ പകർത്തിയത്” എന്ന കുറിപ്പോടെ ഹാൻഡെയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടേതെന്ന പേരിൽ ഒരു സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചു.

ഈ സ്ക്രീൻഷോട്ട് ശ്രദ്ധയിൽപ്പെട്ട ഷാറൂഖ് ആരാധകർ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടത്തിയത്. എന്നാൽ, പ്രചരിക്കുന്ന ഈ സ്ക്രീൻഷോട്ട് വ്യാജമാണെന്നും താൻ അത്തരത്തിലൊരു പോസ്റ്റ് ഇട്ടിട്ടില്ലെന്നും ഹാൻഡെ തന്നെ നേരിട്ട് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരം ആവശ്യപ്പെട്ടു.

താരത്തിന്റെ വിശദീകരണം വന്നതോടെ തെറ്റായ വാർത്തയിൽ വ്യക്തത വരുത്തിയതിന് ഷാറൂഖ് ആരാധകർ ഹാൻഡെയ്ക്ക് നന്ദി അറിയിച്ചു. ടർക്കിഷ് സീരിയലുകളിലൂടെ ഇന്ത്യയിലും വലിയ ആരാധകവൃന്ദമുള്ള നടിയാണ് ഹാൻഡെ എർസെൽ. മുമ്പ് ഇന്ത്യൻ സന്ദർശനവേളയിൽ ബോളിവുഡ് സിനിമകളിൽ അഭിനയിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു.