‘ഹോളിവുഡിൽ വിവേചനം ഇപ്പോഴും തുടരുന്നു’; മനസ്സ് തുറന്ന് ‘ഗെയിം ഓഫ് ത്രോൺസ്’ താരം എമിലിയ ക്ലാർക്ക്

ലോകമെമ്പാടുമുള്ള ആരാധകർക്ക് ‘ഗെയിം ഓഫ് ത്രോൺസി’ലെ ദെനേറിസ് ടാർഗേറിയൻ എന്ന കഥാപാത്രത്തിലൂടെ സുപരിചിതയായ നടിയാണ് എമിലിയ ക്ലാർക്ക്. തന്റെ പുതിയ വെബ് സീരീസായ ‘പോണീസി’ന്റെ (Ponies) പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഹോളിവുഡിലെ ലിംഗവിവേചനത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. കാലം മാറിയിട്ടും സിനിമാ മേഖലയിൽ സ്ത്രീ-പുരുഷ വേർതിരിവ് പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്ന് താരം ചൂണ്ടിക്കാട്ടുന്നു.

ഹോളിവുഡിലെ ശമ്പളത്തിലുള്ള വലിയ വ്യത്യാസം (Pay gap) ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രധാന പ്രശ്നമാണെന്ന് എമിലിയ പറയുന്നു. മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും അത് വളരെ സാവധാനത്തിലാണെന്നും നടി അഭിപ്രായപ്പെട്ടു. തന്റെ പുതിയ സീരീസായ ‘പോണീസി’ൽ ഹേലി ലു റിച്ചാർഡ്‌സണിനൊപ്പം അഭിനയിച്ച അനുഭവം ഏറെ സന്തോഷകരമായിരുന്നുവെന്നും, രണ്ട് സ്ത്രീ കഥാപാത്രങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെയാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നതെന്നും താരം വ്യക്തമാക്കി.

സ്ത്രീകൾ ചെയ്യുന്ന മാനസികമായ അധ്വാനത്തെ (Emotional labour) സമൂഹം ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് സാമൂഹികമായ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുട്ടികളെ നോക്കാൻ വീട്ടിലിരിക്കുന്ന അച്ഛന്മാരെ (Stay-at-home dads) ഇന്ന് ധാരാളമായി കാണാൻ സാധിക്കുന്നതെന്നും താരം പറഞ്ഞു. കരിയറിലെ മാറ്റങ്ങളെയും പ്രശസ്തിയെയും കുറിച്ചും താരം സംസാരിച്ചു. പ്രശസ്തി എന്നത് എപ്പോൾ വേണമെങ്കിലും വരികയും പോകുകയും ചെയ്യുന്ന ഒന്നാണെന്നും, ജീവിതത്തിന്റെ ലക്ഷ്യം അതായിരിക്കരുത് എന്നും താരം കൂട്ടിച്ചേർത്തു.