പുഷ്പ 2 കണ്ടപ്പോൾ നിരാശ തോന്നി; അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി, നടി ദിവി വാഥ്യ

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദ റൂളിനെതിരെ നടി ദിവി വാഥ്യ. ചിത്രത്തിലെ തന്റെ വേഷത്തില്‍ താന്‍ ഒട്ടും തൃപ്തയല്ലെന്നാണ് ദിവി പറയുന്നത്.

കഥ പറഞ്ഞപ്പോള്‍ തന്റെ കഥാപാത്രം വലുതും പ്രാധാന്യമുള്ളതുമായിരുന്നു. എന്നാല്‍ ചിത്രം സ്‌ക്രീനില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയെന്നാണ് ദിവി പറയുന്നത്. സത്യം പുറത്തുകൊണ്ടുവരാൻ പുഷ്പ രാജിനെ പിന്തുടരുന്ന ടിവി റിപ്പോർട്ടറുടെ റോളിലാണ് താരം എത്തിയത്. തന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നുവെന്നാണ് താരം സങ്കടപ്പെടുന്നത്.

”എന്നോട് ഈ വേഷത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, ഒരു വലിയ വേഷമായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്. അതിനുശേഷം എന്റെ കഥാപാത്രത്തെവെച്ച് ഒരു ടീസർ വരെ പുറത്തുവിട്ടു. അതോടെ ചിത്രത്തിലെ എന്റെ വേഷത്തെക്കുറിച്ച് എനിക്കും വലിയ പ്രതീക്ഷകളുണ്ടായി. പക്ഷേ സിനിമ പുറത്തിറങ്ങിയപ്പോഴാണ് അങ്ങനെയൊന്നുമല്ലെന്ന് എനിക്ക് മനസ്സിലായത്”, അവർ പറഞ്ഞു.

”ചിത്രം റിലീസായപ്പോൾ എനിക്ക് ഏറെ വേദന തോന്നി. പക്ഷേ എന്റെ വേദന ആരാണ് ശ്രദ്ധിക്കുക? നിങ്ങൾ സ്വയം തോളിൽ തട്ടി മുന്നോട്ടുപോകണം. സിനിമ കണ്ടശേഷം എനിക്ക് വളരെ വിഷമം തോന്നി. ഏറെ പ്രതീക്ഷകളോടെയാണ് സിനിമ കാണാൻ തിയേറ്ററിലെത്തിയത്. എന്റെ ഗംഭീരവേഷം കാണാൻ പത്തു കൂട്ടുകാരെയും കൂട്ടിയാണ് പോയത്. 20 ദിവസമാണ് ആ ചിത്രത്തിനായി ഞാൻ ഷൂട്ടുചെയ്തത്. 10 ദിവസം ഡബ്ബിങ്ങും. ഞാൻ നന്നായി തന്നെ അഭിനയിച്ചുവെന്നും എനിക്കറിയാം. പക്ഷേ സിനിമ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി”, അവർ വെളിപ്പെടുത്തി.

തെലുഗു ബിഗ് ബോസിലൂടെ (Bigg Boss Telugu) ജനങ്ങളുടെ ഹൃദയത്തിലിടം പിടിച്ച താരമാണ് ദിവി വാഥ്യ. ബിഗ് ബോസിന്റെ നാലാമത്തെ സീസണിലാണ് ദിവി പങ്കെടുത്തത്.