
സമൂഹമാധ്യമങ്ങളിൽ സജീവമായ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ പങ്കുവെച്ച പുതിയ വ്‌ലോഗും അതിലെ വിശദീകരണങ്ങളും വലിയ രീതിയിലാണ് സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്. ഒരു ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വീഡിയോയ്ക്ക് താഴെ നൽകിയ കമന്റും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.
വീഡിയോയുടെ ആദ്യഭാഗം മാത്രം കണ്ടാണ് താൻ കമന്റ് ഇട്ടതെന്നും, അത് തന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണെന്നും ദിയ വ്യക്തമാക്കി. കൊച്ചിയിലെ ഒരു കഫേയിൽ മുഹമ്മദ് അലി ജിന്നയുടെ ചിത്രം വെച്ചതിനെക്കുറിച്ചുള്ള ആദ്യഭാഗം കണ്ടാണ് താൻ പ്രതികരിച്ചതെന്നും, എന്നാൽ വീഡിയോയുടെ രണ്ടാം ഭാഗം പൂർണ്ണമായി കാണാൻ സാധിച്ചില്ലെന്നും ദിയ വ്‌ലോഗിലൂടെ വിശദീകരിച്ചു.
തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ ദിയ, തനിക്ക് ഏതെങ്കിലും ഒരു മതത്തോട് എതിർപ്പില്ലെന്നും വ്യക്തമാക്കി. തന്നെയെസ്‌നേഹിക്കുന്നവരിലും ഒപ്പം നിൽക്കുന്നവരിലും ഭൂരിഭാഗവും മുസ്ലീം പെൺകുട്ടികളാണെന്നും, തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ മുഴുവനായി കാണാതെ പ്രതികരിച്ചതിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായും ദിയ വീഡിയോയിൽ പറയുന്നുണ്ട്.












