‘ദൃശ്യം 3’ റിലീസ് മാറ്റിവച്ചു

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ റിലീസ് മാറ്റിവച്ചു.

നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചിത്രം ഏപ്രിൽ 2-ന് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതിയ പ്രഖ്യാപനം അനുസരിച്ച് മേയ് 21-നാണ് റിലീസ് ചെയ്യുക .

അന്നാണ് മോഹൻലാലിന്റെ പിറന്നാളും. ‘ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു’ എന്ന ആകാംക്ഷ നിറഞ്ഞ കുറിപ്പോടെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ റിലീസ് തടസപ്പെടാതിരിക്കാനാണ് മെയ് മാസത്തിലേക്ക് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്നാണ് സൂചന…

ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും വൈകാരികമായ യാത്രയാണ് സിനിമയിൽ പ്രധാനം. രണ്ടാം ഭാഗം പോലെയല്ല, മറിച്ച് ഒന്നാം ഭാഗത്തിന്റെ ഒരു ശൈലിയിലായിരിക്കും ദൃശ്യം 3 ഒരുങ്ങുന്നത്. മുൻവിധികളില്ലാതെ വന്ന് സിനിമ കാണണമെന്നും ഇതൊരു നല്ല ചിത്രമായിരിക്കുമെന്നും  ജീത്തു ജോസെഫ് പറഞ്ഞു.