
ലോകം മൊത്തം ഇപ്പോൾ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് എപ്സ്റ്റീന് ഫയല്‍സ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകള്‍, ഇ-മെയിലുകള്‍, ഇരകളുടെ മൊഴികള്‍, ചിത്രങ്ങള്‍ തുടങ്ങിയവയാണ് എപ്സ്റ്റീന് ഫയല്‍സ്. ഈ ഫയലുകളില്‍ പേര് വന്ന പ്രമുഖരില്‍ ലോകനേതാക്കളും സിനിമാ താരങ്ങളും ബിസിനസ് പ്രമുഖരുമെല്ലാമുണ്ട്. എപ്സ്റ്റീന് ഫയല്‍സില്‍ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെ പേര് പരാമര്ശിക്കപ്പിട്ടുണ്ടെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.
അനുരാഗിന് പുറമെ മീര നായര്‍, നന്ദിത ദാസ്, നരേന്ദ്ര മോഡി തുടങ്ങിയ പ്രശസ്തരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. 2017 ല്‍ ബീജിംഗില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് അനുരാഗിന്റെ പേര് പരാമര്‍ശിക്കപ്പെട്ടത്. ബോളിവുഡ് ഗായ്, പ്രശസ്ത ബോളിവുഡ് സംവിധായകന് എന്നാണ് മെയിലുകളില്‍ അനുരാഗിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. വാര്‍ത്ത വലിയ വിവാദമായതോടെ അനുരാഗ് തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു അനുരാഗിന്റെ പ്രതികരണം. ‘എനിക്ക് ഇതേക്കുറിച്ച് ഒരു ധാരണയുമില്ല. പ്രഭാഷകനായി എനിക്ക് ധാരാളം ക്ഷണം ലഭിക്കാറുണ്ട്. മാസത്തില്‍ പതിനഞ്ചെങ്കിലും. ഞാന്‍ അപൂര്‍വ്വമായി മാത്രമേ മറുപടി നല്‍കാറുമുള്ളൂ. മാത്രമല്ല, ജീവിതത്തിലൊരിക്കലും ഞാന്‍ ബീജിംഗില്‍ പോയിട്ടുമില്ല” എന്നാണ് അനുരാഗിന്റെ പ്രതികരണം. അതേസമയം തന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന ഇ-മെയിലിന്റെ വിശ്വാസ്യതയേയും അനുരാഗ് സംശയിക്കുന്നുണ്ട്.
”അതൊരു റാന്‍ഡം ഇ-മെയില്‍ ആണ്. അതില്‍ നിന്നു തന്നെ വ്യക്തമാണ്. എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകള്‍ എന്റെ സിനിമകളേക്കാള്‍ പ്രശസ്തമാണ്” എന്നും അനുരാഗ് പറയുന്നു.











