പവര്‍ഗ്രൂപ്പ്, മാഫിയ എന്നതൊക്കെ സാക്ഷികളില്‍ ചിലര്‍ വിദഗ്ദമായി പ്ലാന്‍ ചെയ്യുന്നതാണെന്നാണ്; ഫെഫ്ക 

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധി നേരിട്ട താരസംഘടന എ എം എം എ  പിളർപ്പിലേക്ക് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് . നടീ-നടന്മാരുടെ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്നാണ് മാധ്യമ വാർത്തകൾ.

എഎംഎംഎയിലെ ഈ  നീക്കം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നീക്കത്തെ അമ്മ’ പിളർപ്പിലേക്ക് എന്ന് വ്യാഖ്യാനിക്കുന്നതില്‍ അർത്ഥമില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. അതേസമയം മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് ഹേമ കമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ്  ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ രംഗത്ത് വന്നിട്ടുള്ളത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക പ്രതികരിക്കാത്തതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. ഹേമ കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ തുടർന്ന്  അമ്മയ്ക്കുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും സൂചന നൽകി .

അഞ്ഞൂറിലധികം താരങ്ങളുള്ള എ എം എം എ യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിട്ടിരുന്നു. പിന്നാലെ പുതിയൊരു ട്രേഡ് യൂണിയന്‍ ആരംഭിക്കാന്‍ എ എം എം എ യിലെ ഇരുപതോളം താരങ്ങള്‍ ഫെഫ്കയെ സമീപിച്ചിരുന്നു. സംഘടന രൂപീകരിച്ച് പേര്, വിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക നേതൃത്വം അറിയിച്ചു.

സ്വത്വം നിലനിര്‍ത്തിയാണ് പുതിയ സംഘടനയെ കുറിച്ച് ആലോചിക്കുന്നത്. ഇത് പിളര്‍പ്പിലേക്ക് പോകുന്നു എന്ന് പരയുന്നത് ശരിയല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അവരുടെ പേര് പുറത്തു വരണം. ആ 15 പേരുകളും പുറത്തു വരണം എന്നാണ് ഫെഫ്ക പറയുന്നത്. എവിടെയൊക്കെയോ ഇരുന്ന് പതിനഞ്ച് പേര്‍ സിനിമയെ നിയന്ത്രിക്കുക എന്ന് പറയുന്നത് അസാധ്യ കാര്യമാണ്.

ഞങ്ങള്‍ക്ക് തോന്നിയത് ഈ പവര്‍ഗ്രൂപ്പ്, മാഫിയ എന്നതൊക്കെ സാക്ഷികളില്‍ ചിലര്‍ വിദഗ്ദമായി പ്ലാന്‍ ചെയ്യുന്നതാണെന്നാണ്. എങ്ങനെയാണ് പതിനഞ്ച് അംഗ പവര്‍ഗ്രൂപ്പിനെ നമ്മള്‍ തിരിച്ചറിയുക. ഇതിന് പിന്നിലെ അവ്യക്ത മാറണം. സിനിമയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍ പവര്‍ ഗ്രൂപ്പ് ആണ് പിന്നില്‍ എന്നു പറഞ്ഞു ചിലര്‍ മുന്നോട്ട് വരുന്നുണ്ട്, അത് അവസാനിക്കണം. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ട്രേഡ് യൂണിയന്‍ എന്ന നിലയിലാണ് ഫെഫ്കയെ ചിത്രീകരിച്ചത്. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യമാണ്.

ഒരു നടനാണ് ഫെഫ്ക ഉണ്ടാക്കിയതെന്ന സാക്ഷിമൊഴിയുണ്ട്. പ്രധാന വിമര്‍ശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം. കോമ്പറ്റീഷന്‍ കമ്മിഷന്‍ നിയമം ജന വിരുദ്ധമാണ്. അതില്‍ ഫെഫ്ക മാത്രം അല്ല മറ്റ് പലര്‍ക്കും പിഴ കിട്ടിയിട്ടുണ്ട്. അങ്ങനെ ആ നിയമത്തെ എതിര്‍ത്തിന്റെ പേരില്‍ പിഴ കിട്ടിയെങ്കില്‍ അതില്‍ അഭിമാനിക്കുന്നു. ഫെഫ്കയുടെ പ്രവര്‍ത്തനങ്ങള്‍ കൊടുത്തെങ്കിലും റിപ്പോര്‍ട്ടില്‍ അതില്ല.

ഡബ്ല്യൂസിസി അംഗങ്ങള്‍ക്ക് അവസരം കിട്ടുന്നില്ലെന്നാണ് മറ്റൊരു ആരോപണം. ഞങ്ങളുടെ 21 യൂണിയനുകളും വളരെ ഗൗരവ്വമായി അത് ചര്‍ച്ച ചെയ്തു. അങ്ങനൊരു നിര്‍ദ്ദേശമുണ്ടോന്ന ചോദ്യത്തിന് ലഭിച്ച മറുപടികളും കൊടുക്കുന്നുണ്ട്.

ഒരു അഭിനേത്രി 2006 ല്‍ കരിയര്‍ തുടങ്ങി ഡബ്ലൂസിസി തുടങ്ങുന്നത് വരെ 11 സിനിമകളിലും അതിന് ശേഷം 11 സിനിമകളിലുമേ അഭിനയിച്ചിട്ടുള്ളു. ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ പലരും ഇവരെ വെച്ച് സിനിമ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും കിട്ടാറില്ല. കിട്ടിയാല്‍ തന്നെ തിരക്കഥ അവര്‍ക്ക് ഇഷ്ടപെട്ടിട്ടുണ്ടാവില്ല. പ്രതിഫലം ശരിയാവില്ല… അങ്ങനെ സിനിമകള്‍ നടക്കാതെ പോയിട്ടുണ്ട്.

ഹേമ കമ്മറ്റി ഡബ്ല്യുസിസിയുമായി ഗ്രൂപ്പ് മീറ്റിംഗ് നടത്തി എന്ന് പറയുന്നു. എന്തുകൊണ്ട് മറ്റുള്ളവരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കാണം. സിനിമാ ലൊക്കേഷനില്‍ രാവിലെ ആറു മണിക്ക് സാങ്കേതിക പ്രവര്‍ത്തകരും സംവിധായകനും എത്തും. നടീ നടന്‍മാര്‍ വരിക 11 മണിക്കാണ്. പുതിയ കോള്‍ ഷീറ്റ് വ്യവസ്ഥ വരണം. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും ഇതില്‍ യോജിപ്പാണ്. പ്രധാന നടനും നടിക്കും വേണ്ടി സാങ്കേതിക പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം സെറ്റില്‍ കാത്തിരിക്കുന്ന അവസ്ഥ ഇനി അനുവദിക്കാന്‍ കഴിയില്ലെന്നും ഫെഫ്ക പറഞ്ഞു.

അതേസമയം സിനിമയിൽ ലൈഗികാതിക്രമം ഉണ്ടെന്നും  ഫെഫ്ക സമ്മതിച്ചു. സ്ത്രീകൾ ലൈംഗികാതിക്രമം തുറന്ന് പറയാൻ തയ്യാറായതിൽ WCC യ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു. ലൈംഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചത്. അത് പരിഹരിച്ചു എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ബൈലോയില്‍ ഭേദഗതി വരുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയര്‍ത്തണമെന്നാണ് ഫെഫ്ക തീരുമാനം എന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഓഡിഷന്‍ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ കാസ്റ്റിങ് കാള്‍ എന്നൊരു പ്രശ്‌നമില്ല എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.