
മലയാളി പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടി, ചിരിയും ചിന്തയും നിറച്ച ഫാസിൽ മുഹമ്മദ് ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’ ഒടിടി റിലീസിനൊരുങ്ങുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തിയറ്ററുകളിലെത്തിച്ച ഈ മനോഹര ചിത്രം ഡിസംബർ 12 മുതൽ മനോരമ മാക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയ, താമർ കെ.വി. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കുമടക്കം ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ റിയലിസ്റ്റിക് ചിത്രം, ജീവിതത്തോട് ചേർന്നുനിൽക്കുന്ന അവതരണ ശൈലി കൊണ്ടും ശ്രദ്ധ നേടിയിരുന്നു.
രസകരമായ സംഭാഷണങ്ങളും കഥാസന്ദർഭങ്ങളും ചിത്രത്തിന് മാറ്റു കൂട്ടുന്നുണ്ടെങ്കിലും, മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ‘ഫെമിനിച്ചി ഫാത്തിമയുടെ’ ഹൈലൈറ്റാണ്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, ഫാത്തിമ എന്ന സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സാമൂഹിക പ്രസക്തമായ പല ആശയങ്ങളും സിനിമ ഇതിലൂടെ പങ്കുവെയ്ക്കുന്നു. ഒരു പഴയ ‘കിടക്ക’ ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളെ വളരെ സരസമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.ഷംല ഹംസയാണ് ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയെ അവതരിപ്പിച്ചത്. കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ. ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
തിയറ്റർ റിലീസിനു മുൻപേ തന്നെ, നിരവധി ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് ‘ഫെമിനിച്ചി ഫാത്തിമ’. IFFK-യിലെ FIPRESCI മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, ഓഡിയൻസ് പോൾ അവാർഡ്, FFSI കെ.ആർ. മോഹനൻ അവാർഡ് തുടങ്ങി ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര വേദികളിൽ നിന്നുള്ള അംഗീകാരങ്ങൾ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച സംവിധായകനും തിരക്കഥക്കുമുള്ള പത്മരാജൻ അവാർഡ്, ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ് എന്നിവയും ഈ ചിത്രത്തിന് ലഭിച്ച ബഹുമതികളിൽ ഉൾപ്പെടുന്നു.











