2025ലെ മലയാള സിനിമയിലെ മികവുകൾക്കുള്ള 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു. എക്കോയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ‘തുടരും’, ‘ഹൃദയപൂർവം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹൻലാൽ മികച്ച നടനുള്ള പുരസ്കാരം നേടി. ‘ലോകഃ’യിലെ അഭിനയത്തിന് കല്യാണി പ്രിയദർശനും ‘രേഖാചിത്രം’, ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് അനശ്വര രാജനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു.
എറണാകുളം ഐ.എം.എ ഹാളിൽ നടന്ന പുരസ്കാരദാന ചടങ്ങ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോർജ് ഓണക്കൂർ അധ്യക്ഷനായി. ഇത്തവണ 60 ചിത്രങ്ങളാണ് അവാർഡിനായി അപേക്ഷിച്ചത്.
സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരം ഗായകനും സംഗീത സംവിധായകനുമായ എം.ജി. ശ്രീകുമാറിന് സമ്മാനിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയദർശന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് നൽകി.
നടനും നിർമാതാവുമായ ടി.ജി. രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രൻസ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നിർമാതാവും നിർമാണകാര്യദർശിയുമായ കല്ലിയൂർ ശശി, നടി ഊർമിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവർക്ക് ചലച്ചിത്ര പ്രതിഭാ പുരസ്കാരവും ലഭിച്ചു.
പ്രധാന പുരസ്കാരങ്ങൾ
മികച്ച രണ്ടാമത്തെ ചിത്രം: ‘രേഖാചിത്രം’ — സംവിധാനം: ജോഫിൻ ടി. ചാക്കോ; നിർമാണം: വേണു കുന്നപ്പള്ളി
മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ്മ (‘തുടരും’), ദിലീഷ് പോത്തൻ (‘റോന്ത്’)
മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (‘റേച്ചൽ’), ശുഭ വയനാട് (‘ശാന്തി ദ് റിഫ്ളക്ഷൻ ഓഫ് ട്രൂത്ത്’)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം: ഡോ. മനോജ് ഗോവിന്ദൻ (‘പെരിയോൻ’), സംഗീത് പ്രതാപ് (‘ഹൃദയപൂർവം’), സന്ദീപ് പ്രദീപ് (‘എക്കോ’), ട്വിങ്കിൾ ജോബി (‘എ പ്രെഗ്നന്റ് വിഡോ’), മീനാക്ഷി (‘പ്രൈവറ്റ്’)
മികച്ച ബാലതാരം: ധാർമ്മിക് സുധാകരൻ (‘പച്ചത്തെയ്യം’), ദേവനന്ദ ജിബിൻ (‘കല്യാണമരം’)
മികച്ച കഥ: ജി.ആർ. ഇന്ദുഗോപൻ — ‘പൊന്മാൻ’
മികച്ച തിരക്കഥ: രാജേഷ് തില്ലങ്കരി — ‘എ പ്രെഗ്നന്റ് വിഡോ’
മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാൽ (‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’), മുരളി നീലാംബരി (‘വടു’)
മികച്ച സംഗീത സംവിധാനം: ജേക്സ് ബിജോയ് — ‘നരിവേട്ട’, ‘ലോകഃ ചാപ്റ്റർ വൺ ചന്ദ്ര’
മികച്ച പിന്നണി ഗായകൻ: നവനീത് ഉണ്ണികൃഷ്ണൻ — ‘വിടപറയാം’, ‘ഹൃദയപൂർവം’
മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാർ — ‘മിന്നൽവള’, ‘നരിവേട്ട’; ജെ.ആർ. ദിവ്യ നായർ — ‘മധുരമായൊരു കോകില നാദം’, ‘നേരറിയും നേരത്ത്’
മികച്ച ഛായാഗ്രാഹകൻ: മുഹമ്മദ് എ — ‘തന്തപ്പേർ’
മികച്ച ചിത്രസന്നിവേശകൻ: പ്രവീൺ പ്രഭാകർ — ‘കളങ്കാവൽ’
മികച്ച ശബ്ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ — ‘എൽ 2: എംപുരാൻ’
മികച്ച കലാസംവിധായകൻ: സുനിൽ ലാവണ്യ — ‘ജഗള’
മികച്ച മേക്കപ്പ്മാൻ: റോണക്സ് സേവ്യർ — ‘ലോകഃ ചാപ്റ്റർ വൺ ചന്ദ്ര’
മികച്ച വസ്ത്രാലങ്കാരം: മിനിമ ഷാജി — ‘മൂന്നാം നൊമ്പരം’
മികച്ച ജനപ്രിയ ചിത്രം: ‘സർവം മായ’ — സംവിധാനം: അഖിൽ സത്യൻ
മികച്ച ബാലചിത്രം: ‘ദൈവത്താൻകുന്ന്’, ‘പച്ചത്തെയ്യം’
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ‘ഖിഡ്കി ഗാവ്’
മികച്ച സ്ത്രീപക്ഷ ചിത്രം: ‘വിക്ടോറിയ’
മികച്ച സോദ്ദേശ്യ ചിത്രം: ‘സമസ്താ ലോകഃ’, ‘മിണ്ടിയും പറഞ്ഞും’, ‘മൂൺവാക്ക്’, ‘ചിന്ന ചിന്ന ആശൈ’, ‘കരുതൽ’
മികച്ച പരിസ്ഥിതി ചിത്രം: ‘കല്യാണമരം’, ‘ഭൂതലം’
മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: ‘അരിക്’, ‘സ്വാലിഹ്’
മികച്ച ബിബ്ലിക്കൽ ചിത്രം: ‘മൂന്നാം നൊമ്പരം’
മികച്ച അന്യഭാഷാ ചിത്രം: ‘പരാശക്തി’ — സംവിധാനം: സുധ കൊങ്ങര പ്രസാദ്
നവാഗത പ്രതിഭകൾ
നവാഗത പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളിൽ നടിയായി റിയ ഷിബു (‘സർവം മായ’) തിരഞ്ഞെടുക്കപ്പെട്ടു. സംവിധാന വിഭാഗത്തിൽ ജിതിൻ കെ. ജോസ് (‘കളങ്കാവൽ’), ശരൺ വേണുഗോപാൽ (‘നാരായണീന്റെ മൂന്നാണ്മക്കൾ’), പ്രശാന്ത് വിജയ് (‘ഇത്തിരി നേരം’), ഡോ. മനോജ് ഗോവിന്ദൻ (‘നോബഡി’), ഷാജു വാലപ്പൻ (‘നിഴൽ വ്യാപാരികൾ’) എന്നിവർ പുരസ്കാരം നേടി. തിരക്കഥയ്ക്കുള്ള നവാഗത പ്രതിഭാ പുരസ്കാരം ‘ലോകഃ ചാപ്റ്റർ വൺ ചന്ദ്ര’യുടെ തിരക്കഥാകൃത്ത് ശാന്തിക്ക് ലഭിച്ചു.
