
കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ റിലീസുകളും പ്രഖ്യാപനങ്ങളും ആഘോഷങ്ങളുമെല്ലാം റദ്ദാക്കി മലയാള സിനിമ. വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ പുതിയ സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ അറിയിച്ചു.ടൊവിനോ തോമസ് നായകനാകുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പോസ്റ്റ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ദുഃഖ സൂചകമായി, വൈകിട്ട് 5 മണിക്ക് നിശ്ചയിച്ചിരുന്ന സിനിമാ അപ്ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി നിര്‍മ്മാതാക്കളായ മാജിക് ഫ്രെയിംസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മഞ്ജു വാര്യരും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫൂട്ടേജിന്റെ’ നിര്‍മ്മാതാക്കള്‍ വയനാട് ദുരന്തത്തെ തുടര്‍ന്ന് തങ്ങളുടെ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചു. സൈജു ശ്രീധരന് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 2 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ സിനിമയുടെ റിലീസ് മാറ്റിവയ്ക്കുന്നു” എന്ന് നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ മുന്‍കരുതല്‍ പോസ്റ്റുകള്‍ പങ്കിടുകയും, ദുരന്ത പശ്ചാത്തലത്തില്‍ സുരക്ഷിതരായിരിക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് നടത്താനിരുന്ന എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് നൈറ്റിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനം താരസംഘടനയായ ‘എ എം എം എ റദ്ദാക്കി. ഇതിനിടെ നടി നിഖില വിമൽ അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററിൽ സജീവമായി പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി. സജീവമായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു. നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രാര്‍ഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ നിഖില കാണിച്ച മനസ് കയ്യടി അര്‍ഹിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്. മറ്റുള്ളവര്‍ക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവര്‍ത്തികളെന്നും ചിലര്‍ കമന്റ് ചെയ്തു.

അതേസമയം മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാടിനായി മറ്റു താരങ്ങളും രംഗത്തുവന്നിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് സുരക്ഷിതരായി കഴിയാനും യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലുമാണ് തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ജാഗ്രത നിര്‍ദേശം പങ്കുവെച്ചത്. ഇതിനു പുറമെ ടോവിനോ തോമസ്, ഭാവന, മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും കൺട്രോൾ റൂം ഫോൺ നമ്പറുകളുടെ കാർഡ് പോസ്റ്റ് ചെയ്ത് സമൂഹ മാധ്യമത്തിലൂടെ എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മഴ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മുന്നറിയിപ്പുകളും ടൊവിനോ തോമസ് പങ്ക് വെച്ചിട്ടുണ്ട്. വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന് നഷ്ട്ടപെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നതായി ഉണ്ണി മുകുന്ദന് അറിയിച്ചു. ‘ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള് ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക,’ എന്നും ഉണ്ണി മുകുന്ദന് ആവശ്യപ്പെട്ടു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മിക്ക മുന്നറിയിപ്പുകളും മഞ്ജു വേരിയർ തന്റെ പേജില്‍ പങ്ക് വെച്ചിട്ടുമുണ്ട്. കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിന്റെ പോസ്റ്ററും മഞ്ജുവിന്റെ പേജിലുണ്ട്. ദുരന്തത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസനും . ദുരന്തത്തിന്റെ ആഘാതം മനസിലാക്കി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദുഷ്കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞു. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിജയും എത്തിയിരുന്നു. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു പ്രതികരണം. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമെന്നും വിജയ് കുറിച്ചു.











