
ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാ സമരം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്നും 12 ശതമാനം സിനിമകൾ മാത്രമാണ് വിജയിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമാതാക്കൾ പറഞ്ഞു.
അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും തന്നെ നടന്നിരുന്നില്ല. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയാറായില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.
കഴിഞ്ഞ വർഷം 700 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നും നിർമാതാക്കൾ പറഞ്ഞു. ഈ വർഷം ജനുവരിയിൽ ഇറങ്ങിയ 28 ചിത്രങ്ങളിൽ ഒരു ചിത്രം മാത്രമാണ് രക്ഷപ്പെട്ടത്. താരങ്ങളുടെ പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാവുന്നതിൻ്റെ പത്തിരട്ടിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി.











