
മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അതിമനോഹര’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പാക്കപ്പ് വിവരങ്ങൾ നിർമാതാവ് ആഷിഖ് ഉസ്മാനാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തിജീവിതങ്ങളിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്. മീരാ ജസ്മിനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മീരാ ജസ്മിനും വീണ്ടും ഒന്നിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രമാണിത്.
കൊച്ചി, മൂവാറ്റുപുഴ, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ബിനു പപ്പുവാണ് സഹസംവിധാനം.












