മൈക്കൽ ജാക്‌സണെതിരെ വീണ്ടും ലൈംഗികാരോപണം; മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്‌തെന്ന് നാല് സഹോദരങ്ങൾ

പോപ്പ് ഇതിഹാസം മൈക്കൽ ജാക്‌സണെതിരെ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നിന്നുള്ള ഒരു സഹോദരിയും മൂന്ന് സഹോദരങ്ങളുമാണ് ഇപ്പോൾ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എഡ്വേർഡ്, ഡൊമിനിക്, ആൽഡോ കാസിയോ (Cascio siblings) എന്നിവരും അവരുടെ സഹോദരി മേരി നിിക്കോൾ പോർട്ടെയുമാണ് പരാതിക്കാർ. 2000-ങ്ങളുടെ തുടക്കത്തിൽ തങ്ങൾ കുട്ടികളായിരുന്ന കാലത്ത്, പത്ത് വർഷത്തിലധികം ജാക്‌സൺ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും ലഹരിമരുന്ന് നൽകി കീഴ്പ്പെടുത്തുകയും ചെയ്തുവെന്നാണ് ഇവരുടെ വാദം. ന്യൂജേഴ്‌സിയിലെ ഇവരുടെ വീട്ടിൽ ജാക്‌സൺ സന്ദർശനം നടത്തിയിരുന്ന കാലത്താണ് പീഡനങ്ങൾ തുടങ്ങിയതെന്ന് ഇവർ പരാതിയിൽ പറയുന്നു.

ജാക്‌സൺ തങ്ങളെ ‘ബ്രെയിൻ വാഷ്’ ചെയ്തിരുന്നുവെന്നും പീഡനവിവരങ്ങൾ മാതാപിതാക്കളിൽ നിന്ന് പോലും ഒളിച്ചുവെക്കാൻ നിർബന്ധിച്ചിരുന്നുവെന്നും നാല് സഹോദരങ്ങളും ആരോപിക്കുന്നു. ജാക്‌സന്റെ നെവർലാൻഡ് റാഞ്ചിൽ വെച്ചും വിവിധ വിദേശ പര്യടനങ്ങൾക്കിടയിലും തങ്ങൾ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. ജാക്‌സന്റെ മാനേജർമാരും മറ്റ് ജീവനക്കാരും ഈ കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും അത് തടയാൻ ശ്രമിച്ചില്ലെന്നും മറിച്ച് സൗകര്യങ്ങൾ ചെയ്തുകൊടുത്തുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഈ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും എസ്റ്റേറ്റിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും ജാക്‌സൺ എസ്റ്റേറ്റിന്റെ അഭിഭാഷകർ പ്രതികരിച്ചു. മുൻപ് 2010-ൽ ഓപ്ര വിൻഫ്രി ഷോയിൽ പങ്കെടുത്തപ്പോൾ ഇതേ സഹോദരങ്ങൾ ജാക്‌സൺ തങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. 2026-ൽ ജാക്‌സന്റെ ബയോപിക് റിലീസ് ചെയ്യാനിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം ആരോപണങ്ങൾ മനഃപൂർവ്വം ഉന്നയിക്കുന്നതാണെന്നാണ് എസ്റ്റേറ്റിന്റെ വാദം. നിലവിൽ കാലിഫോർണിയയിലെ കോടതിയിലാണ് ഈ കേസ് നടക്കുന്നത്.