മലയാളത്തിന്റെ മസിൽമാൻ തമിഴിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രത്തിൽ; ​വെട്രിമാരന്റെ തിരക്കഥ, ​ഗരുഡൻ ട്രെയിലർ എത്തി

സുരി നായകനായി എത്തുന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. മലയാളത്തിൽ നിന്ന് ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ പ്രത്യേകത. ശശികുമാറും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മെയ്‍ 31നാണ് ഗരുഡന്റെ റിലീസ് തീരുമാനിച്ചിട്ടുള്ളത്. വെട്രിമാരന്റെ തിരക്കഥയും ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്ന ഘടകമാണ്.

മലയാളി താരം ശിവദയും ഉണ്ണിക്ക് ഒപ്പം ​ഗരുഡനിൽ അണിനിരക്കുന്നുണ്ട്. ദുരൈ സെന്തിൽ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേർന്നാണ് നിർമാണം. ആർതർ വിൽസണാണ് ഛായാഗ്രാഹണം നിർവഹിക്കുക. യുവ ശങ്കർ രാജയാണ് സംഗീതം. ഉണ്ണി മുകുന്ദൻ തുടക്കം കുറിച്ചത് തമിഴിലാണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തിൽ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം.