
ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ഹാഫ്’. മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ സിനിമയ്ക്ക് വേൾഡ് പ്രീമിയറിന് പിന്നാലെ മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബർ 18ന് നടന്ന പ്രദർശനത്തിനുശേഷം സംഘടിപ്പിച്ച ചോദ്യോത്തര സെഷനിലും പ്രേക്ഷകരുടെ ആവേശം പ്രകടമായി.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെയും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ പ്രദർശനത്തിനിടെ തിയറ്ററിൽ നിറഞ്ഞ കൈയടികളും ആവേശപ്രകടനങ്ങളും ശ്രദ്ധേയമായി. സിനിമയുടെ പ്രമേയം, മേക്കിംഗ്, ദൃശ്യാവിഷ്കാരം, സംഗീതം, ശബ്ദരൂപകൽപ്പന, അഭിനേതാക്കളുടെ പ്രകടനം തുടങ്ങി വിവിധ ഘടകങ്ങളെക്കുറിച്ച് പ്രേക്ഷകർ ചോദ്യങ്ങൾ ഉന്നയിച്ചു.
സംവിധായകൻ സംജാദിനൊപ്പം നിർമാതാക്കളായ ആൻ സജീവും സജീവ് പി.കെയും, അഭിനേതാക്കളായ രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവർ ചോദ്യോത്തര സെഷനിൽ പങ്കെടുത്തു. ചിത്രത്തിന്റെ നിർമാണാനുഭവങ്ങളും സിനിമയുടെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അണിയറപ്രവർത്തകർ പ്രേക്ഷകരുമായി പങ്കുവെച്ചു.
വെരിട്രി യുലിസ്മാന്റെ ആക്ഷൻ കൊറിയോഗ്രഫി, ചിത്രത്തിന്റെ സംഗീതം, റോ ആയ അവതരണശൈലി എന്നിവയും പ്രേക്ഷകരുടെ ശ്രദ്ധ നേടി. പാപ്പിനുവിന്റെ ഛായാഗ്രഹണം, മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗ്, വിഷ്ണു ഗോവിന്ദിന്റെ ശബ്ദസംവിധാനം എന്നിവ ചിത്രത്തിന്റെ തീവ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായകമായതായി പ്രേക്ഷകർ അഭിപ്രായപ്പെട്ടു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ് എന്നിവരുടെ പ്രകടനവും ചോദ്യോത്തര വേളയിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ട് ഹാഫ്-ബ്ലഡ് വാംപയർമാരെ കേന്ദ്രീകരിക്കുന്ന വാംപയർ ആക്ഷൻ ത്രില്ലറാണ് ‘ഹാഫ്’. ശക്തമായ ആക്ഷനും ഡാർക്ക് ആറ്റ്മോസ്ഫിയറും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഉത്തരേന്ത്യൻ പ്രദർശനവും വിതരണവും എക്സൽ എന്റർടെയ്ൻമെന്റും എ.എ. ഫിലിംസും ചേർന്നാണ് നിർവഹിക്കുന്നത്. അന്താരാഷ്ട്ര സെയിൽസ് അവകാശം ബെസ്റ്റ് ഫ്രണ്ട് ഫോർഎവർ (BFF) സ്വന്തമാക്കിയിട്ടുണ്ട്. മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലെ ചരിത്രപരമായ അരങ്ങേറ്റത്തിന് പിന്നാലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഹാഫി’ന് ലഭിച്ച പ്രതികരണം ചിത്രത്തിന്റെ അന്താരാഷ്ട്ര യാത്രയിലെ ശ്രദ്ധേയമായ ഘട്ടമായി മാറുകയാണ്.












