
തെന്നിന്ത്യൻ നടി ഹൻസിക മോട്‌വാനിയും ഭർത്താവ് സൊഹൈൽ ഖതൂരിയയും ഔദ്യോഗികമായി വിവാഹമോചിതരായി. നാല് വർഷം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവിൽ മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. വേർപിരിയലിന് ശേഷം ആദ്യമായി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് താരം. ‘ചർദി കാല’ എന്ന പഞ്ചാബി വാചകമാണ് ഹൻസിക പങ്കുവെച്ചത്. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷയോടെ മുന്നോട്ട് പോവുക എന്നാണ് ഈ വാക്കിന്റെ അർത്ഥം.
പരസ്പര സമ്മതപ്രകാരമുള്ള ഹർജിയിലൂടെയാണ് ഇരുവരും വേർപിരിഞ്ഞത്. വിവാഹമോചനത്തിന് പിന്നാലെ ഭർത്താവിൽ നിന്നും ജീവനാംശം (Alimony) വാങ്ങാൻ ഹൻസിക തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ചു കാലമായി ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായും ചെറിയ കാര്യങ്ങൾ പോലും വലിയ തർക്കങ്ങളിലേക്കും വഴക്കുകളിലേക്കും നയിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അടിസ്ഥാനപരമായ കാഴ്ചപ്പാടുകളിലെ വ്യത്യാസം മൂലം ഒരേ വീട്ടിൽ ഒരുമിച്ച് താമസിക്കാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ എത്തിയത്. 2022-ലായിരുന്നു ഏറെ ആഘോഷപൂർവ്വം ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം കുറച്ചു കാലം മാത്രമേ ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നുള്ളൂ എന്നാണ് വിവരം. കഴിഞ്ഞ ഒരു വർഷമായി ഇവരുടെ വേർപിരിയലിനെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ബാലതാരമായി സിനിമയിലെത്തിയ ഹൻസിക തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായാണ് വളർന്നത്. മോഹൻലാൽ ചിത്രം ‘വില്ലനി’ലൂടെ മലയാളത്തിലും താരം സാന്നിധ്യമറിയിച്ചിരുന്നു. 2024-ൽ പുറത്തിറങ്ങിയ ‘ഗാർഡിയൻ’ എന്ന തമിഴ് ചിത്രമാണ് ഹൻസികയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. പുതിയ പ്രതിസന്ധികളെ മറികടന്ന് സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ.











