ആ പോസ്റ്റ് തന്നെയായിരുന്നു ശരി നിഷാദേ…ശരികളില്‍ ഉറച്ച് നില്‍ക്കാന്‍ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്!! ഹരീഷ് പേരടി

മലയാളി ഫ്രം ഇന്ത്യ സിനിമ വിവാദത്തില്‍ തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍ പറ്റു, എന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിഷാദ് കോയ ചെയ്തത് വളരെ മോശമായ കാര്യമല്ല ..അത് വളരെ ശരിയായ ഒരു കാര്യമാണ്..തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റു.. ഇറങ്ങിയ സിനിമയുടെ കഥയും അതുതന്നെ എന്ന് പോസ്റ്റ് വായിച്ച് സിനിമ കണ്ടവര്‍ പറയുന്നു…ആരുടെയോക്കയോ നിര്‍ബന്ധം കൊണ്ട് പിന്‍വലിച്ചാലും ആ പോസ്റ്റ് തന്നെയായിരുന്നു ശരി നിഷാദേ…ശരികളില്‍ ഉറച്ച് നില്‍ക്കാന്‍ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്…’Nishad koya from truth ‘… എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

ചിത്രത്തിന്റെ റിലീസ് ദിനത്തിന്റെ തലേന്ന് നിഷാദ് കോയ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. നാളെ റിലീസ് ആകുന്ന ചിത്രത്തിന്റെ കഥ പ്രവചിച്ചാലോ എന്നു പറഞ്ഞായിരുന്നു കുറിപ്പില്‍. മലയാളി ഫ്രം ഇന്ത്യയുടെ കഥയുമായി സാമ്യമുള്ളതായിരുന്നു നിഷാദിന്റെ പോസ്റ്റ്.

അതേസമയം നിഷാദിന്റെ പോസ്റ്റില്‍ പ്രതികരിച്ച് ലിസ്റ്റിനും എത്തിയിരുന്നു. നിഷാദ് പോസ്റ്റിട്ടത് മോശമായി പോയി എന്നായിരുന്നു ലിസ്റ്റിന്‍ പറഞ്ഞത്. തന്റെ കഥ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിന് ലിസ്റ്റിനും ഡിജോയും എന്തിനാണ് വയലന്റാകുന്നതെന്ന് നിഷാദും ചോദിച്ചിരുന്നു.