
മലയാള സിനിമയിലെ പ്രിയപ്പെട്ട താരം ബേസിൽ ജോസഫിനെക്കുറിച്ച് ഹൃദയസ്പർശിയായ വെളിപ്പെടുത്തലുമായി നടി കുടശ്ശനാട് കനകം. തന്റെ മകൻ മരിച്ച സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ തനിക്ക്, ചോദിക്കാതെ തന്നെ സാമ്പത്തിക സഹായം നൽകിയ ബാസിലിന്റെ കരുണയെക്കുറിച്ച് താരം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിൽ ബാസിലിന്റെ അമ്മയായി വേഷമിട്ട തനിക്ക്, ജീവിതത്തിലും അവൻ ഒരു മകനെപ്പോലെയാണെന്ന് താരം വികാരാധീനയായി പറഞ്ഞു.
മകൻ മരിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നുപോയ അവസ്ഥയിലായിരുന്നു താനെന്നും, ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നറിയാതെ നിന്ന സാഹചര്യത്തിലാണ് ബാസിലിനെ വിളിച്ചതെന്നും കനകം ഓർക്കുന്നു. സിനിമയിൽ എന്തെങ്കിലും ചെറിയ ജോലി സംഘടിപ്പിച്ചു തരണമെന്ന് ആവശ്യപ്പെടാനാണ് വിളിച്ചത്. എന്നാൽ ഫോൺ എടുത്ത ബേസിൽ അമ്മയോട് ആശ്വസിക്കാനും ജോലി ഉറപ്പായും ശരിയാക്കാം എന്നും പറഞ്ഞു. മിനിറ്റുകൾക്കുള്ളിൽ ബാസിലിന്റെ മാനേജർ വിളിച്ച് അക്കൗണ്ട് വിവരങ്ങൾ ചോദിക്കുകയും ഉടൻ തന്നെ 30,000 രൂപ അയച്ചു നൽകുകയുമായിരുന്നു.
താൻ പണത്തിന് വേണ്ടിയല്ല വിളിച്ചതെന്ന് പറഞ്ഞിട്ടും, അമ്മയോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് ബാസിൽ ആ സഹായം ചെയ്തതെന്ന് മാനേജർ അറിയിച്ചു. ഇന്ദ്രൻസിനെ നായകനാക്കി ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ ആണ് കനകത്തിന്റെ ഏറ്റവും പുതിയ ചിത്രം. ‘ജയ ജയ ജയ ജയ ഹേ’ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയായ കുടശ്ശനാട് കനകം, പതിറ്റാണ്ടുകളോളം നാടകരംഗത്തും സജീവമായിരുന്നു. സിനിമയിലെ മക്കൾ യഥാർത്ഥ ജീവിതത്തിലും തനിക്ക് താങ്ങായി നിൽക്കുന്നുണ്ടെന്നത് വലിയ ആശ്വാസമാണെന്ന് പറഞ്ഞാണ് താരം അഭിമുഖം അവസാനിപ്പിച്ചത്.











