“നെറ്റിയിൽ ഒരുമ്മ കൊടുത്തു, ബൈ പറഞ്ഞു”; സുബി സുരേഷിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് വിതുമ്പലോടെ ടിനി ടോം

മലയാളികളുടെ പ്രിയങ്കരിയായ കലാകാരി സുബി സുരേഷിന്റെ വേർപാടിന്റെ ഓർമ്മകൾ പങ്കുവെച്ച് നടനും സുഹൃത്തുമായ ടിനി ടോം. സുബിയുടെ മരണശേഷം മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും ആ വിയോഗം തനിക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്ന് ടിനി ടോം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുബിയുമായുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചും അവളെ അവസാനമായി കണ്ട നിമിഷത്തെക്കുറിച്ചും താരം മനസ്സ് തുറന്നത്.

സുബിയെ കലാരംഗത്തേക്ക് കൊണ്ടുവന്നത് താനാണെന്നും തന്റെ കുടുംബവുമായി അവൾക്ക് അത്രമേൽ അടുപ്പമുണ്ടായിരുന്നുവെന്നും ടിനി ഓർക്കുന്നു. തന്റെ ഭാര്യയെ പരിചയപ്പെട്ടത് പോലും സുബി വഴിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സുബിക്ക് തന്നെ വലിയ പേടിയായിരുന്നുവെന്നും, വസ്ത്രധാരണത്തിലോ മറ്റ് കാര്യങ്ങളിലോ എന്തെങ്കിലും പോരായ്മകൾ കണ്ടാൽ താൻ വിളിച്ച് ശാസിക്കാറുണ്ടായിരുന്നുവെന്നും ടിനി പറഞ്ഞു.

അസുഖബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന സുബിയെ അവസാനമായി കാണാൻ ചെന്നപ്പോഴുള്ള വേദനാനിറഞ്ഞ നിമിഷവും ടിനി പങ്കുവെച്ചു. “അവസാനം കണ്ടപ്പോൾ അവളുടെ ശരീരം ആകെ വീർത്തിരുന്നു. എന്നെ കണ്ടപ്പോൾ അവൾ ഒന്ന് നോക്കി. ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി ബൈ പറഞ്ഞു പോന്നു,” ടിനി ടോം വികാരാധീനനായി പറഞ്ഞു. സുബിയുടെ ഫോൺ നമ്പർ ഇപ്പോഴും തന്റെ കൈവശമുണ്ടെന്നും അവൾ പോയി എന്ന് വിശ്വസിക്കാൻ മനസ്സ് അനുവദിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.