ഫഹദിനും ,കുഞ്ചാക്കോയ്ക്കും പ്രതിഫലം കൂടുതൽ! പാർവതിക്ക് കുറവ്; സിനിമ രംഗത്തെ വിവേചനത്തെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് 

മലയാള സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ സുതാര്യതയില്ലെന്നും പ്രധാന അഭിനേതാക്കൾ അല്ലാതെ ആർക്കും പ്രതിഫലം രേഖമൂലം ഉറപ്പ് നൽകുന്നില്ലെന്നും ഹേമക്കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു, മാത്രമല്ല പ്രതിഫലത്തിൽ തുല്യത ഉറപ്പാക്കണമെന്നും കമ്മിറ്റി പറയുന്നു, നടൻമാരെക്കാൾ പ്രധാന്യമുള്ള വേഷങ്ങൾ നടിമാർ ചെയ്യുമ്പോൾ അവർ ഉയർന്ന പ്രതിഫലത്തിന് അർഹയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു,’ടേക്ക് ഓഫ്’ സിനിമ ഇതിന് ഉദാഹരണമാണെന്ന് ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടി. സിനിമയിലെ മറ്റ് രണ്ട് നായക കഥാപാത്രങ്ങളെക്കാൾ വളരെ കുറഞ്ഞ പ്രതിഫം മാത്രമാണ് നായിക കഥാപാത്രത്തിന് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സിനിമയിൽ അധികം സീനുകൾ ഇല്ലാതിരുന്നിട്ട് കൂടി രണ്ടാമത്തെ നടന് മികച്ച പ്രതിഫലം നേടാനായി. ഈ ലിംഗ വിവേചനം സിനിമയിൽ വ്യാപകമായി നടക്കുന്നുണ്ട് എന്നും പുരുഷ മേധാവിത്വത്തിന്റെ അനന്തരഫലമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കമ്മീഷൻ പറയുന്നു. ചിത്രത്തിൽ പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉറപ്പ് നൽകിയ പ്രതിഫലം നൽകാത്തത് ചോദ്യം ചെയ്താൽ അത്തരം നടിമാരെ പ്രശ്നക്കാർ എന്ന് മുദ്രകുത്തുകയും അവസരം നൽകാതിരിക്കുകയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2000 വരെ മലയാള സിനിമയിൽ രേഖമൂലമുള്ള കരാറുകൾ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ പ്രതിഫലം, ജോലിയുടെ സ്വഭാവം, തിരക്കഥ, സംവിധായകനുമായുള്ള നിബന്ധനകൾ, വർക്ക് ഷെഡ്യൂൾ എന്നിവ സംബന്ധിച്ചെല്ലാം തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്.ഒരേ അനുഭവ പരിചയമുള്ള നായകനും നായികയും തുല്യ സമയവും പ്രയത്നവും ഊർജവും ചെലവഴിക്കുമ്പോൾ അവർക്ക് തുല്യമായ പ്രതിഫലം നൽകണം. ഇത് പെട്ടെന്ന് നടപ്പാക്കാൻ പ്രയാസം ഉണ്ടാവുമെങ്കിലും പുരുഷന്മാരുടെ അതേ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശമ്പളത്തിന്റെ അന്തരം കുറക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.