
നയൻതാരയും കവിനും പ്രധാന വേഷങ്ങളിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ഹായ്’ (Hi) തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും മികച്ച പ്രതികരണം നേടി മുന്നേറുന്നു. ഈ വിജയത്തിന് പിന്നാലെ ചിത്രത്തിലെ ഏറ്റവും ജനപ്രിയമായ ‘കുടികാര നെഞ്ച്’ എന്ന ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ജെൻ മാർട്ടിൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ റൊമാന്റിക് ട്രാക്ക് ആലപിച്ചിരിക്കുന്നത് യുവതാരം ധ്രുവ് വിക്രമാണ്. പ്രശസ്ത ഗാനരചയിതാവും ചിത്രത്തിന്റെ സംവിധായകനുമായ വിഷ്ണു ഇടവൻ തന്നെയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. തിയേറ്ററുകളിൽ തരംഗമായ ഗാനം ഒടിടി റിലീസിന് ശേഷവും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ സീ ഫൈവിലൂടെയാണ് (ZEE5) സ്ട്രീം ചെയ്യുന്നത്. വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് റൊമാന്റിക് ഡ്രാമയ്ക്ക് ബോക്സ് ഓഫീസിലും ഒടിടിയിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജേഷ് ശുക്ല ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.











